കാസര്‍കോട്: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷവും ഭാഗമായുള്ള കാര്‍ഷിക പ്രദര്‍ശനവും സി.പി.സി.ആര്‍.ഐ കാമ്പസില്‍ തുടങ്ങി. അഗ്രി എക്‌സ്‌പോ 2018 പ്രദര്‍ശനം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ടി.ആര്‍ ഉഷാദേവി, ഐ.എം.സി അംഗം പി സുരേഷ് കുമാര്‍ ഷെട്ടി സംസാരിച്ചു. സി.സി.ആര്‍ ഡയരക്ടര്‍ ഡോ.പി ചൗഡപ്പ സ്വാഗതവും ഡോ. സി തമ്പാന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തെ കുറിച്ച് ഡോ. മനോജ് പി സാമുവലും
, മണ്ണ് ജല സംരക്ഷണ മാര്‍ഗങ്ങള്‍ എന്ന വിഷയത്തെ കുറിച്ച് ഡോ.സി എ മാത്യുവും ഉയര്‍ന്ന മൂല്യമുള്ള ഫലവര്‍ഗവിളകള്‍ എന്ന വിഷയത്തില്‍ ഡോ. ഷംസുദ്ദീനും ഡോ.ആര്‍ സുധയും സംസാരിച്ചു.
ശനിയാഴ്ച രാവിലെ 10ന് കൊക്കോ ഉല്‍പാദനവും സംസ്‌കരണവും എന്നവിഷയത്തിലും ആട്, പശു, കോഴി, മല്‍സ്യം വളര്‍ത്തല്‍ വിഷയത്തില്‍ പ്രമുഖര്‍ സംസാരിക്കും. ജനുവരി എട്ടിന് രാവിലെ 10ന് കാര്‍ഷിക മേള കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. പി കരുണാകരന്‍ എം.പി അധ്യക്ഷനാകും. ചടങ്ങില്‍ കേന്ദ്രമന്ത്രി അനന്ദകുമാര്‍ ഹെഗ്ഡേയും സംബന്ധിക്കും. ഉച്ചയ്ക്ക് രണ്ടിന് കര്‍ഷക- ശാസ്ത്രജ്ഞരുടെ അഭിമുഖം നടക്കും. മേളയുടെ ഭാഗമായി മുഖാമുഖം, സെമിനാറുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.
കാര്‍ഷിക പ്രദര്‍ശനത്തില്‍ പകുതിയോളം സ്റ്റാളുകള്‍ കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്. പ്രദര്‍ശനത്തില്‍ ദിവസവും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 40ലധികം സ്റ്റാളുകള്‍ സജ്ജമാക്കുന്ന കാര്‍ഷിക പ്രദര്‍ശനത്തില്‍ തോട്ടവിളകള്‍, കിഴങ്ങുവര്‍ഗ വിളകള്‍, സുഗന്ധവിളകള്‍, സമുദ്ര മല്‍സ്യങ്ങള്‍, എണ്ണപ്പന എന്നിവയുടെ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങള്‍, കേരള കാര്‍ഷിക സര്‍കലാശാലയുടെ ഗവേഷണ സ്ഥാപനങ്ങള്‍, 12 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെ ആത്മ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഫാക്ട്, നാളികേര വികസന ബോ ര്‍ഡ്, കേരഫെഡ്, നബാര്‍ഡ്, സംരംഭകര്‍, സന്നദ്ധ സംഘടനകള്‍, വളം കീടനാശിനി കമ്പനികള്‍ തുടങ്ങിയവരുടെ പങ്കാളിത്തം പ്രദര്‍ശനത്തിലുണ്ട്.
കാസര്‍കോട് സി.പി.സി.ആര്‍.ഐ രജതജൂബിലി ആഘോഷവും കാര്‍ഷിക പ്രദര്‍ശനവും തുടങ്ങി