
കോളെജിലേക്ക് പോയ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ് വിലപേശല്‍. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്താണ് സംഭവം. കാറിലെത്തിയ നാലംഗസംഘം വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കളിയൂരിലെ അബൂബക്കറിന്റെ മകന് അബ്ദുറഹ്മാന് ഹാരിസിനെയാണ് കാണാതായത്. സഹോദരിക്കൊപ്പം കോളേജിലേക്ക് പോകുമ്പോഴാണ് തട്ടിക്കൊണ്ടു പോയത്.
ഹാരിസിന്റെ ബന്ധു ഉള്‍പ്പെട്ട പണമിടപാട് തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. ഹാരിസിന്റെ അമ്മാവന് ലത്തീഫും പൈവളിഗെ സ്വദേശി നപ്പട്ടെ റഫീഖും തമ്മില്‍ സ്വര്‍ണ ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രശ്നമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പോലീസ് നല്കുന്ന സൂചന. എന്നാല്‍ സാമ്പത്തിക ഇടപാടുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നാണ് ഹാരിസിന്റെ വീട്ടുകാര്‍ പറയുന്നത്.

സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. വോര്‍ക്കാടി കൊള്ളിയൂരില്‍ വച്ച് കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി ബലമായി കാറില്‍ കയറ്റുകയായിരുന്നുവെന്ന് സഹോദരി പറയുന്നു. വീട്ടില്‍ ഒരുകിലോമീറ്റര്‍ അകലെ വച്ചായിരുന്നു തട്ടിക്കൊണ്ടു പോയത്.
ഉടന്‍ തന്നെ സഹോദരി വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ ബന്ധുക്കള്‍ക്ക് ഫോണ്‍ സന്ദേശം വന്നിരുന്നു. രണ്ട് കോടി രൂപ നല്കിയാല് കുട്ടിയെ വിട്ടു തരാമെന്നായിരുന്നു ഭീഷണി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
