കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ പതാക ഉയര്‍ന്നു; ചന്ദ്രഗിരിക്കരയില്‍ ഇനി കൗമാര കലയുടെ ഉത്സവ നാളുകള്‍

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ പതാക ഉയര്‍ന്നു; ചന്ദ്രഗിരിക്കരയില്‍ ഇനി കൗമാര കലയുടെ ഉത്സവ നാളുകള്‍

കാസര്‍കോട്: 58-ാമത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പതാകയുയര്‍ന്നു. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ പതാകയുയര്‍ത്തി. ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, പി.ടി.എ പ്രസിഡണ്ട് പി.എച്ച് റഫീഖ്, പ്രിന്‍സിപ്പാല്‍ സാലിമ്മ ജോസഫ്, കണ്‍വീനര്‍ പി.എം അബ്ദുല്ല, ഹെഡ്മാസ്റ്റര്‍ രാജേന്ദ്രന്‍, പി. മൂസക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. സ്റ്റേജിതര മത്സരങ്ങള്‍ ശനിയും ഞായറാഴ്ചയുമായി നടക്കും. കഥാരചന, കവിതാരചന, ഉപന്യാസം, കാപ്ഷന്‍ രചന, തര്‍ജ്ജമ, നിഘണ്ടു നിര്‍മ്മാണം, പോസ്റ്റര്‍ നിര്‍മ്മാണം, പ്രശ്നോത്തരി മത്സരങ്ങളാണ് ഇന്ന് വിവിധ വേദികളിലായി നടക്കുന്നത്. ഞായര്‍ ദിവസം കാര്‍ട്ടൂണ്‍, ചിത്ര രചന, കൊളാഷ് മത്സരങ്ങള്‍ നടക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ., എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു തുടങ്ങിയവര്‍ സംബന്ധിക്കും. കലോത്സവത്തിന് പതാക ഉയര്‍ന്നതോടെ ഇനിയുള്ള ആറു നാളുകള്‍ ലാസ്യ ഭാവങ്ങളുടെ നിറക്കാഴ്ചകളും താളലയങ്ങളും ശുദ്ധരാഗവും ഇശലിന്റെ മധുരിമയും ഒപ്പന പാട്ടിന്റെ തേന്‍മഴയും ഇടകലര്‍ന്ന ദിനങ്ങളാവും. കൗമാര കലയെ വരവേല്‍ക്കാനായി ചന്ദ്രഗിരിപ്പുഴയോരം സജ്ജമായിക്കഴിഞ്ഞു. 11 വേദികളാണ് അയ്യായിരത്തില്‍ പരം വിദ്യാര്‍ത്ഥി പ്രതിഭകള്‍ പങ്കെടുക്കുന്ന കലാമേളക്കായി ഒരുക്കിയിട്ടുള്ളത്. 30ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ് സമ്മാനദാനം നിര്‍വ്വഹിക്കും.

0Shares