
കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബേഡകം പഞ്ചായത്തിലെ മുന്നാട് ചുരളിയിലെ പരേതനായ കൃഷ്ണ- ഭാനുമതി ദമ്പതികളുടെ മകള്‍ കൃഷ്ണേന്ദു (15)വിനെയാണ് വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ പുറത്തുള്ള ബാത്റൂമിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു കൃഷ്ണേന്ദു. ചൊവ്വാഴ്ച രാവിലെ ഉണര്‍ന്നപ്പോളാണ് മകള്‍ തിരിച്ചെത്തിയില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ കിണറ്റില്‍ വീണനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി.

തുടര്‍ന്ന് വിവരമറിഞ്ഞ് പരിസരവാസികളും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കൃഷ്ണേന്ദുവിനെ പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. കൊട്ടോടി ഗവ. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൃഷ്ണേന്ദു. കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകീട്ട് മൂന്നിന് ചുള്ളിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഏക സഹോദരി കൃഷ്ണപ്രിയ.