
കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യുന്ന ആയംകടവ് പാലത്തിന്‍റെ സ്വാഗതകമാനത്തിലെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ ചിത്രം ചുവന്ന നിറമുള്ള ചായംതേച്ച് മറച്ചതായി പരാതി.

പെരിയ ബസാറിനടുത്ത് ആയംകടവ് റോഡിലാണ് കമാനം സ്ഥാപിച്ചിരുന്നത്. കമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ എന്നിവരുടെ ചിത്രവും മറുഭാഗത്ത് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., കെ.കുഞ്ഞിരാമൻ എം.എൽ.എ. എന്നിവരുടെ ചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചിരുന്നത്. ഇവയില്‍ എം.പി.യുടെ ചിത്രം മാത്രമാണ് ചായം തേച്ച് മറച്ച നിലയില്‍ കാണപ്പെട്ടത്.
വിഷയത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ജനങ്ങളുടെ ഹൃദയങ്ങളില്‍നിന്ന് തന്‍റെ മുഖം വികൃതമാക്കാനാകില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഫെയ്സ് ബുക്കിൽ എഴുതികയുണ്ടായി. അതേസമയം സമൂഹവിരുദ്ധരാണ് എം.പി.യുടെ ഫോട്ടോ മറച്ചതെന്നും സി.പി.എമ്മിന് സംഭവവുമായി ബന്ധമില്ലെന്നും കെ.കുഞ്ഞിരാമൻ എം.എൽഎ. പറഞ്ഞു.
