കാസര്‍കോട് മദ്റസ അധ്യാപകന്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിക്ക് വെട്ടേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് മദ്റസ അധ്യാപകന്‍ കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിക്ക് വെട്ടേറ്റു

കാസര്‍കോട്: ഹര്‍ത്താലിന്‍റെ മറവില്‍ കാസര്‍കോട് മഞ്ചേശ്വരത്ത് മദ്റസ അധ്യാപകനെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബയാര്‍ സ്വദേശി കരിം മുസ്‌ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പച്ചു പെരിപദവ് എന്ന പ്രസാദി (26)നാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കര്‍ണാടക പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി 8.30 തോടെ ബയാര്‍ പെറോടിയിലാണ് സംഭവം. നടന്നുപോവുകയായിരുന്ന പ്രസാദിനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മാരകമായി വെട്ടേറ്റ യുവാവ് നിലവിളിച്ച് സമീപത്തെ വീടിനടുത്തേക്ക് ഓടിയതോടെ അക്രമികള്‍ പിന്തിരിയുകയായിരുന്നു. ഇദ്ദേഹത്തെ പുത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലാണ് കരീം മുസ്‌ലിയാര്‍ക്ക് വെട്ടേറ്റത്.

ബൈക്കില്‍ സഞ്ചരിക്കവേ മുസ്‌ലിയാരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അടിച്ച് താഴെയിടുകയിരുന്നു. ഇരുമ്പു ദണ്ഡുകളും വടികളും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ബോധരഹിതനായതോടെയാണ് അക്രമിസംഘം പിന്‍വാങ്ങിയത്. ഏറെ നേരം റോഡില്‍ കിടന്ന മുസ്‌ലിയാരെ നാട്ടുകാര്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തില്‍ തലക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതികളായ 12 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

0Shares