കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പണിത കെട്ടിടം 16 വര്‍ഷമായി ഉദ്ഘാടനം പോലും ചെയ്തില്ല; നശിച്ചുകിടന്ന കെട്ടിടം ജില്ലാ കലക്ടറും റവന്യു ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പണിത കെട്ടിടം 16 വര്‍ഷമായി ഉദ്ഘാടനം പോലും ചെയ്തില്ല; നശിച്ചുകിടന്ന കെട്ടിടം ജില്ലാ കലക്ടറും റവന്യു ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് നാരമ്പാടി പുണ്ടൂരില്‍ ഉപയോഗിക്കാതെ നശിച്ചു കിടന്ന മാതൃഭവന്‍ ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു സന്ദര്‍ശിച്ചു. നിര്‍മാണം പൂര്‍ത്തിയായ ഈ മാതൃഭവന്‍ 16 വര്‍ഷമായി ഉപയോഗിക്കാതിരുന്നതിനാല്‍ ഇപ്പോള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. 2002-03 കാലയളവില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നുമാണ് കെട്ടിടം നിര്‍മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് മാതൃഭവന്‍ ഇപ്പോഴുമുള്ളത്. അതുകൊണ്ട് തന്നെ പഞ്ചായത്തിന് അറ്റകുറ്റപണിനടത്താന്‍ നിര്‍വാഹമില്ലന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. കെട്ടിടം പഞ്ചായത്തിലേക്ക് കൈമാറണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കെട്ടിടം അറ്റകുറ്റ പണി നടത്തി നാട്ടുകാര്‍ക്ക് പ്രയോജനമാകുന്നവിധം ഉപയോഗപ്പെടുത്താന്‍ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നുള്ള റവന്യു ഉദ്യോഗസ്ഥരും കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു. പുണ്ടൂരിലെ തനിമ ക്ലബ് പ്രവര്‍ത്തകരുടെ ഇടപെടല്‍ പ്രകാരമാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. ഇപ്പോള്‍ കലക്ടറുടെ സന്ദര്‍ശനത്തോടെ മാതൃഭവന്‍ ജീവന്‍ വക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ് ഭാരവാഹികളും നാട്ടുകാരും.

0Shares