
കാസര്‍കോട്: പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയുമായി കാസർകോട്ടെ പോലീസുകാർ. ബേക്കൽ പോലീസ് സ്റ്റേഷനിലെ 33 ഉദ്യോഗസ്ഥർക്ക് ബാലറ്റ് കിട്ടിയില്ലെന്നാണ് പരാതി. 13 ഉദ്യോഗസ്ഥർക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചതെന്നും ഇവർ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി യു.ഡി.എഫ് അനുകൂലികളായ പോലീസുകാർ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പോലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ പരാതി പുറത്ത് വരുന്നത്.

ഇതിന് പുറമേ പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറിച്ച സംഭവത്തില്‍ ഐ.ആര്‍ ബറ്റാലിയന്‍ കമാന്‍ഡോ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വൈശാഖിനെതിരെ കേസും വകുപ്പുതല അച്ചടക്ക നടപടിയുമെടുക്കാനും മറ്റു 4 പേര്‍ക്കെതിരെ അന്വേഷണം നടത്താനും ഡി.ജി.പി ലോക്‌നാഥ് ബഹ്രയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരമായിരുന്നു നടപടി. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ വൈശാഖിനു പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്. പോസ്റ്റല്‍ ബാലറ്റ് കുറ്റമറ്റ രീതിയില്‍ വിതരണം ചെയ്യണമെന്ന സര്‍ക്കുലര്‍ പാലിക്കുന്നതില്‍ ജില്ലാ നോഡല്‍ ഓഫിസര്‍മാര്‍ വീഴ്ച വരുത്തിയോ എന്നതും അന്വേഷിക്കും.
