
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി. ഇന്ന് രാവിലെ 11 മണിക്ക് വീടിന്‍റെ പാലുകാച്ചൽ ചടങ്ങ് നടക്കും. എറണാകുളം എം.എൽ.എ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു വീട് നിർമാണം. പാലുകാച്ചൽ ചടങ്ങിൽ ഹൈബി ഈഡൻ, കോൺഗ്രസ് നേതാക്കളായ രാജ്മോഹൻ ഉണ്ണിത്താൻ, ഹക്കിം കുന്നിൽ എന്നിവർ സംബന്ധിക്കും.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടപ്പോൾ കല്ല്യോട്ടെ കൃപേഷിന്‍റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. ഈ ഒറ്റമുറി വീട്ടിലേക്കാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുൾപ്പെടെ വന്നത്. പഴയ വീടിനോട് ചേർന്ന് 1100 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ് പുതിയ വീടിന്‍റെ നിർമാണം. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികൾ. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേർന്നതാണ് പുതിയ വീട്. പ്രവാസി കോൺഗ്രസ് കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടിനോട് ചേർന്ന് കുഴൽ കിണറും നിർമിച്ചുനൽകിയിട്ടുണ്ട്.
