
കാസര്‍കോട് : ഹൈക്കോടതി വിധി പ്രകാരം പുതിയ ബസ് സ്റ്റാന്റിലും പരിസരത്തും യോഗങ്ങളും പ്രകടനങ്ങളും പൂര്‍ണ്ണമായും ഇല്ലാതായിരുന്നു എന്നും സമീപ കാലത്തായി കാസര്‍കോട് കേന്ദ്രീകരിച്ച് നടത്തുന്ന പ്രകടനങ്ങളും മൈക്ക് പ്രചരണങ്ങളും മറ്റ് പരിപാടികളും പുതിയ ബസ് സ്റ്റാന്റ് യാര്‍ഡില്‍ വെച്ചാണ് സമാപനം എന്നും കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍.

പുതിയ ബസ് സ്റ്റാന്റില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ബസ് സ്റ്റാന്റ് യാര്‍ഡ് കടന്ന് ഷോപ്പിംഗ് കോംപ്ലക്‌സ് ഭാഗത്തേക്ക് പോകണമങ്കില്‍ ബസ് ബേയില്‍ നിന്നും പുറകോട്ടെടുക്കുന്ന ബസ്സുകളെയും ബസ് ബേയിലേക്ക് കയറുന്ന ബസ്സുകളെയും വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മൈക്ക് പ്രചരണവും പ്രകടനക്കാരുടെ മുദ്രാവാക്യം വിളികളും കൂടിയാകുമ്പോള്‍ ഭയപ്പെട്ട് സ്ഥലകാലബോധം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് വന്നുചേരുന്നത്. ഇത് വലിയ അപകടത്തിന് വഴിയൊരുക്കുന്നു.
ഇതിനാല്‍ പുതിയ ബസ് സ്റ്റാന്റിലും പരിസരങ്ങളിലും പ്രകടനങ്ങളും പൊതുയോഗവും നിരോധിച്ച ബഹു. കേരള ഹൈക്കോടതിയുടെ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.
