കാസര്‍കോട് നഗരസഭയിലെ കൂട്ട സ്ഥലമാറ്റം ദുരുദ്ദേശപരം: മുസ്ലിം ലീഗ്

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് നഗരസഭയിലെ കൂട്ട സ്ഥലമാറ്റം ദുരുദ്ദേശപരം: മുസ്ലിം ലീഗ്

കാസർകോട് : കാസർകോട് നഗരസഭയിൽ നിന്നും വകുപ്പ് മേധാവികളും, യു.ഡി ക്ലാർക്കുമാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥൻമാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള സർക്കാരിന്റെ തീരുമാനം ദുരുദ്ദേശത്തോടെയുള്ളതാണെന്ന് മുസ്ലിം ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു. യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നത്.

മൂന്ന് മാസങ്ങൾക്ക് മുമ്പ് വന്ന യു.ഡി.ക്ലാർക്കിനെ വീണ്ടും സ്ഥലം മാറ്റിയിരിക്കുകയാണ്. നഗരസഭയിലേക്ക് നിയോഗിച്ച രണ്ടാം ഗ്രേഡ് ഓവർസിയറെ ചുമതലയേറ്റതിന്‍റെ പിറ്റേന്ന് തന്നെ സ്ഥലം മാറ്റി.സ്വന്തം നാട്ടിലും, പരിസര പ്രദേശങ്ങളിലും ജോലി ചെയ്യണമെന്ന ആഗ്രഹമാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ഈ ഒരു ആനുകൂല്യത്തെ യാതൊരു മാനദണ്ഡവുമില്ലാതെയാണ് നടപ്പിലാക്കി വരുന്നത്.

ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും ഒരു സ്ഥലത്ത് ജോലി ചെയ്താൽ മാത്രമേ ഒരു ഉദ്യോഗസ്ഥനും, സ്ഥാപനത്തിനും പ്രയോജനം ലഭിക്കുകയുള്ളൂ. എന്നാൽ പത്തും, പതിനഞ്ചും വർഷക്കാലം ഒരേ സ്ഥലത്ത് ജോലി ചെയ്ത് വരുന്നവരെ സ്ഥലം മാറ്റുന്നുമില്ല.- മുസ്ലിം ലീഗ് പറയുന്നു.

കാസർകോട് നഗരസഭ യോട് സർക്കാർ കാണിക്കുന്ന സമീപനത്തിന് മാറ്റം വരുത്തണമെന്ന് മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് വി.എം. മുനീർ, സെക്രട്ടറി ഖാലിദ് പച്ചക്കാട് എന്നിവർ ആവശ്യപ്പെട്ടു. മുൻവർഷങ്ങളിലും ഇതേ സമീപനമാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്.വകുപ്പ് മന്ത്രിയടക്കമുള്ളവർ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് തന്നിട്ടും പാലിക്കപ്പെട്ടിട്ടില്ല.പകരം സംവിധാനമുണ്ടാക്കാത്ത പക്ഷം പ്രത്യക്ഷ സമരത്തിനിറങ്ങേണ്ടി വരുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

0Shares