കാസര്‍കോട് നഗരത്തില്‍ കുടിവെള്ളമില്ല; പ്രതിഷേധവുമായി ജനപ്രതിനിധികള്‍

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് നഗരത്തില്‍ കുടിവെള്ളമില്ല; പ്രതിഷേധവുമായി ജനപ്രതിനിധികള്‍

കാസര്‍കോട്: കേരളം പ്രളയ ജലത്തില്‍ മുങ്ങുമ്പോഴും കാസര്‍കോട് നഗരത്തില്‍ കുടിക്കാന്‍ വെള്ളമില്ല. വാട്ടര്‍ അതോറിറ്റി കാസര്‍കോട് ഡിവിഷന് കീഴിലുള്ള നഗരത്തില്‍ കഴിഞ്ഞ പത്ത് ദിവസമായി കുടിവെള്ളം ലഭിക്കാതെയായിട്ട്. ജനരോഷം ശക്തമായതോടെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളിലെ ജനപ്രതിനിധികള്‍ പ്രതിഷേധവുമായി വിദ്യാനഗറിലെ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി. ബാവിക്കര പമ്പിങ് ഹൗസ് പരിസരത്ത് വൈദ്യുതി തകരാറുള്ളതിനാലാണ് കുടിവെള്ള വിതരണം തടസ്സപ്പെടുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചപ്പോള്‍ ഇവിടെയുണ്ടാകുന്ന തടസം വേഗത്തില്‍ തീര്‍ക്കാറുണ്ടന്ന്് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.പ്രശ്‌നം അടിയന്തരമായി പരിഹരിച്ച് ശനിയാഴ്ച വൈകിട്ടോടെ കുടിവെള്ള വിതരണം തുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇനി വാട്ടര്‍ അതോറിറ്റിയും കെ.എസ്.ഇ.ബിയും ബന്ധം ശക്തിപ്പെടുത്തി യോജിച്ച് പ്രവര്‍ത്തിക്കും. ഇതിന്റെ ചുമതല വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും കെ.എസ്.ഇ.ബി ചെര്‍ക്കള സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കുമായിരിക്കും. ഒരു വര്‍ഷത്തിലധികമായി ചേരാത്ത ജനപ്രതിനികള്‍ അടങ്ങു്ന്ന വാട്ടര്‍ അതോറിറ്റി ഉപദേശക സമിതി സപ്തംബര്‍ ആദ്യവാരം വിളിക്കും. നഗരത്തില്‍ നിലവിലുള്ള ഷെഡ്യൂള്‍ അനുസരിച്ച് കൃത്യമായി കുടിവെള്ളം എത്തിക്കും. ബാവിക്കരയില്‍ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ സ്ഥാപിക്കാന്‍ മൂന്നര കോടി രൂപയുടെ നിര്‍ദേശം സമര്‍പ്പിച്ചത് നടപ്പാക്കാന്‍ ഇടപെടും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ വി.എം മുനീര്‍, നൈമുനിസ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ദിനേശന്‍ ചെന്നിക്കര, ഹമീദ് ബദിര, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.കെ രത്‌നകുമാര്‍, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.ടി പത്മനാഭന്‍, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനിയര്‍ ടി.എസ് വിക്രമന്‍ യോഗത്തില്‍ പങ്കെടുത്തു.

0Shares