
കാസര്‍കോട് : കാസര്‍കോട് നഗരത്തിലെ ഓടകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്‍റെ പരിശോധന നടന്നു. നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നുള്ള കക്കൂസ് മാലിന്യമടക്കമുള്ള മലിനജലം ഓടകളിലേക്ക് തുറന്നുവിടുന്നു, എന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി എയര്‍ലെന്‍സ് റോഡു മുതല്‍ കെ.പി.ആര്‍ റാവു റോഡിലെ ഓടകള്‍ വരെയാണ് ഇന്ന് പരിശോധിച്ചത്. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വലിയ പിവിസി പൈപ്പുകള്‍ ഉപയോഗിച്ച് ഓടകളിലേക്ക് മലിന ജലം ഒഴുക്കി വിടുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഹോട്ടലുകളിലെ ഭക്ഷ്യ അവശിഷ്ടങ്ങള്‍ അടക്കമുള്ള മലിന ജലവും, ഇതിലൂടെ തുറന്നുവിടുകയാണ്. വിവിധ സ്ഥാപനങ്ങളിലെ കക്കൂസുകളില്‍ നിന്നുള്ള മലിന ജലവും ഇതേ ഓടകളിലേക്കാണ് തുറന്നു വിടുന്നത്. മീറ്ററുകളോളം വലിയ പി.വി.സി പൈപ്പുകള്‍ സ്ഥാപിച്ച് ഓടകളിലേക്ക് മാലിന്യം തുറന്ന് വിടുന്ന നിരവധി സ്ഥാപനങ്ങള്‍ നഗരത്തിലുണ്ടെന്നാണ് ആരോഗ്യ വിഭാഗം ജീവനക്കാര്‍ പരിശോധനയില്‍ കണ്ടെത്തിയത്.

മഴക്കാലമല്ലെങ്കിലും, ഓടകളിലെ വിവിധ സ്ഥലങ്ങളില്‍ മലിനജലം കെട്ടിക്കിടക്കുന്നത് കൊതുക് വളരുന്നതിനും, പകര്‍ച്ചവ്യാധി അടക്കമുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും, അതെ, തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ പറഞ്ഞു. വിഷയത്തിന്‍റെ ഗൗരവ സ്വഭാവം പരിഗണിച്ചാണ് പൊതു അവധി ദിവസമായിട്ടും ശനിയാഴ്ച നഗരസഭാ ജീവനക്കാര്‍ പരിശോധനയ്‌ക്കെത്തിയത്.
ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീന മുജീബിന്‍റെ നേതൃത്വത്തിലായിരുന്നു, പരിശോധന. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ ദാമോദരന്‍, ഹല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.വി മധുസൂധനന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
കെട്ടിടങ്ങളിലെ മാലിന്യവും, മലിനജലവും ഓടകളിലേക്ക് ഒഴുക്കിവിടാതെ സംസ്‌കരിക്കണമെന്നാണ് നഗരസഭ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത് പാലിക്കാതെ നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ ദാമോദരന്‍ ചാനല്‍ ആര്‍ബിയോട് പറഞ്ഞു.
കാസര്‍കോട് നഗരത്തിലും, നഗരസഭാ പരിധിയിലും പെട്ട നിരവധി സ്ഥാപനങ്ങളിലെ സെപ്റ്റിക് ടാങ്കിലെ മാലിന്യം അടക്കമുള്ള മലിന ജലം ഒഴിഞ്ഞ പറമ്പിലേക്കും, ഓടകളിലേക്കും ഒഴുക്കി വിടുന്നത് സംബന്ധിച്ച് ചാനല്‍ ആര്‍.ബി മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
