
കാസർകോട്: കാസർകോട് ജില്ലയ്ക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച എയ്‌ഡഡ് കോളേജ് വിവാദങ്ങൾക്ക് വഴിതുറക്കുന്നു. എന്‍ഡോസള്‍ഫാൻ ദുരിത ബാധിതർക്ക് എന്ന പേരിൽ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയായ ബെള്ളൂര്‍ പഞ്ചായത്തിലാണ് കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭാ തീരുമാനത്തില്‍ സംസ്ഥാനത്ത് മൂന്ന് എയ്ഡഡ് കോളേജുകള്‍ അനുവദിച്ചിരുന്നതിൽ ഒന്ന് സ്ഥാപിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്ഥാപനം എന്ന രീതിയില്‍ കൂടി അനുമതി ലഭിച്ചിരിക്കുന്ന ഈ കോളേജ് ഒരു എയ്ഡഡ് കോളേജിന് ആവശ്യമായ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ അങ്ങനെയൊരു കോളേജിന്റെ അവശ്യകതയോ ഇല്ലാത്തിടത്താണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് എന്ന ആരോപണമാണ് ഉയരുന്നത്.

ഈ പ്രദേശത്ത് തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന ആവശ്യം പ്രാദേശിക സി. പി. എം ഘടകം ഉയർത്തുമ്പോഴാണ് തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ ട്രസ്റ്റിന്റെ നടത്തിപ്പിന് കീഴിൽ വരുന്ന ഈ സ്ഥാപനത്തിന് സർക്കാർ അനുമതി നൽകിയത്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ശരിയായ ചികിത്സാ കേന്ദ്രങ്ങളും ബഡ്‌സ് സ്‌കൂളുമടക്കമുള്ള സംവിധാനങ്ങളും ആരംഭിക്കണമെന്ന സമരസമിതിയുടെ ആവശ്യവും അംഗീകരിക്കപ്പെടാതെ നിലനിൽക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ജനവാസ മേഖലയല്ലാത്ത ഇവിടെ കോളേജ് സ്ഥാപിക്കുന്നത് വഴി മാനേജ്‌മെന്റിന് അഡ്മിഷന്റേയും ജോലിയുടെയും പേരില്‍ കോടികൾ ഉണ്ടാക്കാം എന്നതല്ലാതെ മറ്റ് പ്രയോജനങ്ങൾ ഒന്നുമില്ല.
