കാസര്‍കോട് ജില്ലയുടെ പ്രിയപ്പട്ട കലക്ടര്‍ക്ക് ഇടുക്കിയിലേക്ക് സ്ഥലം മാറ്റം; ബുധനാഴ്ച കലക്ടറായി ചുമതലയേറ്റ കെ ജീവന്‍ ബാബുവിന് മറ്റൊരു ബുധനാഴ്ച തന്നെ സ്ഥലമാറ്റ ഉത്തരവും

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട് ജില്ലയുടെ പ്രിയപ്പട്ട കലക്ടര്‍ക്ക് ഇടുക്കിയിലേക്ക് സ്ഥലം മാറ്റം; ബുധനാഴ്ച കലക്ടറായി ചുമതലയേറ്റ കെ ജീവന്‍ ബാബുവിന് മറ്റൊരു ബുധനാഴ്ച തന്നെ സ്ഥലമാറ്റ ഉത്തരവും

കാസര്‍കോട്: കലക്ടര്‍ കെ. ജീവന്‍ ബാബുവിനെ അദ്ദേഹത്തിന്റെ സ്വന്തം നാടായ ഇടുക്കിയിലേക്ക് സ്ഥലംമാറ്റാന്‍ മന്ത്രിസഭായോഗ തീരുമാനം. അതേസമയം ഇടുക്കി കലക്ടര്‍ ജി.ആര്‍ ഗോകുലിന് വിദേശത്തുപോകാന്‍ അപേക്ഷ നല്‍കിയതിനാലാണ് അദ്ദേഹത്തെ ഇടുക്കിയില്‍നിന്ന് മാറ്റിയതെന്നാണ് വിശദീകരണം. പകരം കാസര്‍കോട്ടെത്തുന്ന കലക്ടറെ തീരുമാനിച്ചിട്ടില്ല. 2016 ഓഗസ്റ്റ് 17നു ബുധനാഴ്ചയാണ് കെ ജീവന്‍ ബാബു കാസര്‍കോട് ജില്ലാ കലക്ടറായി ചുമതലയേറ്റത്. 2018 ജുലൈ 4ന് ബുധനാഴ്ച രാവിലെയാണ് സ്ഥലംമാറ്റ തീരുമാനവുമുണ്ടായത്. പ്രവര്‍ത്തന രഹിതമായ എന്‍ഡോസള്‍ഫാന്‍ സെല്‍ പുനരുജ്ജീവിപ്പിക്കുന്നതുള്‍പ്പടെ ജില്ലയുടെ വികസനത്തിന് മുന്‍ഗണന നല്‍കുമെന്ന് ചുമതലയേറ്റ അദ്ദേഹം പ്രഖ്യാപനം നടത്തിയിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജനകീയ കലക്ടര്‍ എന്ന പേര് സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങളടക്കം ഒട്ടേറെ ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജീവന്‍ ബാബുവിന് സാധിച്ചിരുന്നു. ഐ.എ.എസിനുപരി ഐ.പി.എസ്, ഐ.ആര്‍.എസ് എന്നീ മൂന്നുയര്‍ന്ന പദവികളും സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം. തൃശൂര്‍ സബ് കലക്ടര്‍ ആയായിരുന്നു ഐ.എ.എസ് ജീവിതത്തിന് തുടക്കം കുറിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥനായും പൊലീസ് മേധാവിയായും എക്സൈസ് വകുപ്പില്‍ അഡീഷണല്‍ കമ്മീഷണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പിവിടെ സബ് കലക്ടറായി പ്രവര്‍ത്തിച്ച് പരിചയമുണ്ടായിരുന്നു ഇടുക്കി തൊടുപുഴ സ്വദേശിയായ ജീവന്‍ ബാബുവിന്. ജന്മം കൊണ്ട് തൊടുപുഴക്കാരനായ ജീവന്‍ ബാബു ഐ.എ.എസ് കര്‍മ്മം കൊണ്ട് കാസര്‍കോട്ടുകാരനായിരുന്നു. ചുമതലയേറ്റ് ചുരുങ്ങിയ നാളില്‍ തന്നെ ജനമനസ്സുകളില്‍ കുടിയേറാന്‍ അദ്ദേഹത്തിനായി. സൗമ്യനും ശാന്തനുമായ ജീവന്‍ബാബു ജനങ്ങളിലേക്കിറങ്ങി വന്നാണ് തന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റിയത്. കലക്ടര്‍ എന്ന താര പരിവേഷമോ ഔദ്യോഗിക പദവിയുടെ മേലങ്കിയോ അണിയാതെ ജനങ്ങളില്‍ ഒരാളായി ജില്ലയുടെ ഭരണാധികാരിയായി മാറാന്‍ അദ്ദേഹത്തിനാവുന്നത് കൊണ്ടാവണം ജില്ല അദ്ദേഹത്തെ നിറഞ്ഞ സ്നേഹത്തോടെ നെഞ്ചേറ്റിയത്. അധികാരത്തിന്റെ ഭാഷയ്ക്കപ്പുറം സ്നേഹത്തിന്റെ ഭാഷയില്‍ പെരുമാറുന്നു എന്നത് തന്നെയാവണം അദ്ദേഹത്തെ ഇത്രയും ജനപ്രിയനാക്കിയതും. അന്തരിച്ച, ജനപ്രിയനായിരുന്ന സനല്‍കുമാര്‍ ഐ.എ.എസിന് ശേഷം ഇത്രയും ജനകീയനായ ഒരു കലക്ടര്‍ ജില്ലയില്‍ ചാര്‍ജ് എടുത്തിരുന്നോ എന്നത് സംശയമാണ്.
കാഞ്ഞങ്ങാട്ട് എ.ഡി.എം ചുമതലയുള്ള സബ് കലക്ടര്‍ ആയിരിക്കെ അദ്ദേഹം നടത്തിയ പരിഷ്‌കാരങ്ങളും ഇടപെടലുകളും കാഞ്ഞങ്ങാടിന്റെ മുഖഛായ തന്നെ മാറ്റുന്നതായിരുന്നു. ജീവന്‍ ബാബുവിന്റെ ആഗ്രഹപ്രകാരമാണ് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്നതെന്നാണ് അറിയുന്ന വിവരം.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(04.07.2018)

ഇന്നത്തെ ചോദ്യം

-കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല?

A) പാലക്കാട്

B) കണ്ണൂര്‍

C) ഇടുക്കി

D) കോഴിക്കോട്

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്: ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി (04.07.2018) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്താത്തവ പരിഗണിക്കില്ല. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ജുലൈ അഞ്ചു മുതല്‍ ആകര്‍ഷകമായ സമ്മാനങ്ങളുമായി ആഴ്ചയിലൊരിക്കല്‍ ക്വിസ് മല്‍സരം സംഘടിപ്പിക്കപ്പെടുകയാണ്.

ഇന്നലെ (03.07.2018) നടന്ന മല്‍സരത്തിലെ ഉത്തരം: അറയ്ക്കല്‍

വിജയി: സൈനബത്ത് നബീല, മേനാങ്കോട്, ചെര്‍ക്കള

0Shares