
കാസര്‍കോട്: ബാബ്റി മസ്ജിദ് ദിനാചരണത്തിന്റെ മറവില്‍ കാസര്‍കോട് ജില്ലയില്‍ വ്യാപകമായി ബസുകള്‍ക്ക് നേരെ ആക്രമണം തുടരുന്നു. ആക്രമണം തുടര്‍ന്നാല്‍ സര്‍വീസ് നിര്‍ത്തിവക്കുമെന്ന് തൊഴിലാളികള്‍. ബുധനാഴ്ച രാത്രി എരിയാല്‍ പാലത്തിന് സമീപം സ്വകാര്യ ബസിന് നേരെ കല്ലേറുണ്ടായി. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. ബസ് ഡ്രൈവര്‍ റുധേഷി(27)നു പരിക്കേറ്റു. സംഭവത്തില്‍ 17വയസ്സുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ നാലു പേരെ കാസര്‍കോട് എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കൂഡ്‌ലു ഇന്‍സമാം മന്‍സിലിലെ ഇന്‍സമാം (24), ബജീര്‍ ഹൗസില്‍ മുഹമ്മദ് അജ്മല്‍ (19), 17 വയസ്സുള്ള രണ്ട് പേര്‍ എന്നിവരാണ് അറസ്റ്റിലായത്. നരഹത്യാശ്രമത്തിനു ഇവര്‍ക്കെതിരേ കേസെടുത്തു. കാസര്‍കോട്ട് നിന്ന് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബസിന് നേരെയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് കാസര്‍കോട്-തലപ്പാടി റൂട്ടില്‍ വ്യാഴാഴ്ച ബസ് ഓട്ടം നിലച്ചു. രാവിലെ സര്‍വ്വീസ് നടത്തിയ ബസുകള്‍ കറന്തക്കാട് വച്ച് തൊഴിലാളികള്‍ തടഞ്ഞു.
ബാബ്റി മസ്ജിദ് ദിനാചരണത്തിന്റെ പേരില്‍ സ്വകാര്യ ബസുകള്‍ എറിഞ്ഞു തകര്‍ത്ത സാമൂഹ്യ ദ്രോഹികളുടെ നടപടിയില്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, വൈസ് പ്രസിഡന്റ്മാരായ തിമ്മപ്പ ഭട്ട്, എം. ഹസൈനാര്‍, ട്രഷറര്‍ പി. എ. മുഹമ്മദ് കുഞ്ഞി, ജോ. സെക്രട്ടറി ശങ്കര നായ്ക്ക്, ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് പ്രസിഡന്റ് സി. രവി., സെക്രട്ടറി വി.എം. ശ്രീപതി,കാസര്‍കോട് താലൂക്ക് പ്രസിഡന്റ് എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ. മുഹമ്മദ് കുഞ്ഞി, മഞ്ചേശ്വരം താലൂക്ക് ട്രഷറര്‍ ഉമേഷ് ഷെട്ടി പ്രസംഗിച്ചു.