കാസര്‍കോട് ജില്ലയില്‍ പനിബാധിച്ച് ചികിത്സ തേടിയവര്‍ മുന്‍വര്‍ഷത്തേക്കാള്‍ കുറവ് :ഡി. എം. ഒ

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട് ജില്ലയില്‍ പനിബാധിച്ച് ചികിത്സ തേടിയവര്‍  മുന്‍വര്‍ഷത്തേക്കാള്‍ കുറവ് :ഡി. എം. ഒ

കാസര്‍കോട്: ജില്ലയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 31 വരെ 95123 പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 102654 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത് .ഈ വര്‍ഷം 473 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുകയും 137 ആളുകളില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഡെങ്കിപ്പനി മൂലമുള്ളമരണം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

2018 നെ അപേക്ഷിച്ചു ഡെങ്കിപ്പനി കേസുകളും അതുമൂലമുള്ള മരണവും കുറഞ്ഞു വരുന്നതായാണ് കാണപ്പെടുന്നത് . 2018 ല്‍ സംശയാസ്പദമായ ഡെങ്കിപ്പനികേസുകള്‍ 3115 ഉം സംശയാസ്പദമായ മരണങ്ങള്‍ 4 ഉം ആയിരുന്നു. 569 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 3 പേര്‍ സ്ഥിരീകരിച്ച ഡെങ്കിപ്പനി മൂലം മരണപ്പെടുകയും ചെയ്തു. ഈ വര്‍ഷം സംശയാസ്പദമായ എലിപ്പനി കേസുകള്‍ 12 ഉം സ്ഥീരീകരിച്ചകേസുകള്‍ 7 ഉംആണ്.

എലിപ്പനി മൂലം ഈ വര്‍ഷം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2018 ല്‍16 പേര്‍ക്ക് രോഗം സംശയിക്കപ്പെടുകയും. 3 പേരില്‍ രോഗം സ്ഥീരികരിക്കുകയും സ്ഥീരികരിച്ച ഒരു എലിപ്പനിമരണം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
മലമ്പനി കേസുകള്‍ താരതമ്യേന കുറവാണ് .

ഈ വര്‍ഷം ഇതുവരെ 33 പേരിലും കഴിഞ്ഞവര്‍ഷം 91 പേരിലുമാണ് മലമ്പനി കണ്ടെത്തിയത്. ജില്ലയില്‍ ഇതുവരെ 21663 ആളുകള്‍ വയറിളക്കരോഗങ്ങള്‍ക്കു ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 20236 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട് .

ജലജന്യരോഗമായ ഹെപ്പറ്റൈറ്റിസ് എ ഈ വര്‍ഷം ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു .2018 കാലയളവില്‍ 71 പേര്‍ക്കാണ് രോഗം സംശയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം 173 ആളുകളില്‍ രോഗം സംശയിക്കപെടുകയും 21 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

2018 ല്‍ സംശയാസ്പദമായ 4 എച്ച് വണ്‍ എന്‍ വണ്‍ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അതേസമയം ഈവര്‍ഷം 34 സംശയാസ്പദമായ കേസുകളും 22 പേരില്‍ രോഗസ്ഥിരീകരണവും നടത്തിയിട്ടുണ്ട്.
ജില്ലയില്‍ പുത്തിഗെ പഞ്ചായത്തില്‍ സഹോദരങ്ങള്‍ മരണപ്പെട്ടത് ബാക്റ്റീരിയ മൂലമുണ്ടാകുന്ന മീലിയോയ്ഡോസിസ്സ് എന്ന അസുഖത്തെ തുടര്‍ന്നാണെന്ന് ആരോഗ്യവകുപ്പ് സ്ഥീരീകരിച്ചു.

ജില്ലയില്‍ ജലജന്യരോഗങ്ങളും എച്ച് വണ്‍ എന്‍ വണ്‍ രോഗവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ല. ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നുണ്ടെന്നും ഏതു സാഹചര്യവും നേരിടുന്നതിന് ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)അറിയിച്ചു.

0Shares