കാസര്‍കോട്: ജില്ലയുടെ പാശ്ചാത്തലത്തില്‍ പൂര്‍ണമായും ചിത്രീകരിച്ച ‘മൊട്ടിട്ട മുല്ലകള്‍’ സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങിയെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജി.കെ.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അണിയിച്ചൊരുക്കിയ ചിത്രം മലയാള സിനിമയില്‍ വേറിട്ട ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കും. ഒന്നര മണിക്കൂറും പ്രതിസന്ധികളിലൂടെ നീങ്ങുന്ന സിനിമയുടെ അവസാനത്തെ അര മണിക്കൂര്‍ ആണ് ക്ലൈമാക്‌സ് രംഗങ്ങളുള്ളത്.
52 ഓളം പുതുമുഖങ്ങള്‍ വേഷമിടുന്ന മൊട്ടിട്ട മുല്ലകള്‍ നാല്‍പതോളം തീയറ്ററുകളില്‍ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. കാലിക പ്രസക്തിയുള്ള രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമ കുടുംബസമേതം കാണാന്‍ പറ്റുന്ന ഉത്തമ സിനിമയാണെന്ന് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. കാസര്‍കോട് ജില്ലയുടെ തനത് കലാരൂപമായ അലാമിക്കളി മലയാളത്തില്‍ ആദ്യമായി ഈ സിനിമയില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കഥയും തിരക്കഥയും സംഭാഷണവും മോഹനന്‍ നെല്ലിക്കാട്ടിന്റെതാണ്. അരുണ്‍ ജെന്‍സണ്‍, വാസുദേവ്, നിധീഷ്, ബിജുക്കുട്ടന്‍, അശ്വതി, ആര്‍ദ്ര, ശാരദ തുടങ്ങിയവര്‍ വേഷമിടുന്നു.
യേശുദാസ്, ചിത്ര, മധു ബാലകൃഷ്ണന്‍, എം ജി ശ്രീകുമാര്‍ എന്നിവരാണ് ഗായകര്‍. ഗാനരചന സംഗീത സംവിധാനം ശ്രീശൈലം രാധാകൃഷ്ണന്‍ ആണ്. നിര്‍മ്മാതാവ് മോഹനന്‍ നെല്ലിക്കാട്ട്, സംവിധായകന്‍ വിനോദ് കണ്ണോല്‍, പ്രൊഡക്ഷന്‍ മാനേജര്‍ സുമേഷ് നാരായണന്‍, പി.ആര്‍.ഒ ബിജു പുത്തൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.