കാസര്‍കോട് ഗവ. കോളജിലെ ആക്രമം: പൊതുസമൂഹത്തെയാകെ അണിനിരത്തി ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി. വൈ. എഫ് ഐ; 15 എം. എസ്. എഫ് പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ഗവ. കോളജിലെ ആക്രമം: പൊതുസമൂഹത്തെയാകെ അണിനിരത്തി ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി. വൈ. എഫ് ഐ; 15 എം. എസ്. എഫ് പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് ഗവ.കോളേജില്‍ എസ്. എഫ്. ഐ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ 15 എം. എസ്. എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റകരമായ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. എസ്. എഫ്. ഐ പ്രവര്‍ത്തകനും ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ ചെറുവത്തൂര്‍ കൊവ്വലിലെ സിദ്ധാര്‍ത്ഥന്‍റെ (17) പരാതിയിലാണ് എം. എസ് .എഫ് പ്രവര്‍ത്തകരായ അഫാദ്, അര്‍ഷാദ്, ധാനിഷ്, കബീര്‍, സനദ്, അക്രം, നാച്ചു തുടങ്ങി കണ്ടാലറിയാവുന്ന 15 ഓളം പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അന്നേദിവസം ഉച്ചയോടെ ക്യാമ്പസിലെത്തിയ എം.എസ്‌.എഫ്‌ നേതാവ്‌ അർഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രകോപനമൊന്നുമില്ലാതെയാണ്‌ അക്രമം നടത്തുകയായിരുന്നു എന്നാണ് എസ്.എഫ്.ഐ പറയുന്നത് . കമ്പിപ്പാര, അഗ്രം കൂർപ്പിച്ച ജനൽകമ്പി, ആണി തറച്ച പലക, ഡസ്‌കിന്‍റെ കാൽ, കത്തി, പഞ്ച്‌ തുടങ്ങിയ മാരകായുധങ്ങളുമായാണ്‌ എസ്‌.എഫ്‌.ഐ പ്രവർത്തകരെ ആക്രമിച്ചത്‌.

അതേസമയം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പൂര്‍വവിദ്യാര്‍ത്ഥികളായ എം.എസ്എഫുകാരാണെന്ന് ഡി.വൈ.എഫ്‌.ഐ ആരോപിച്ചു. ക്യാമ്പസിലെ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ ആവേശകരമായ വിജയത്തില്‍ വിറളി പൂണ്ടാണ് ഇവര്‍ അക്രമം അഴിച്ചുവിടുന്നത്. ഇത്തരം പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ പൊതുസമൂഹത്തെയാകെ അണിനിരത്തി ശക്തമായി പ്രതിഷേധിക്കുമെന്ന് ഡി. വൈ. എഫ്. ഐ പ്രസ്താവനയില്‍ പറഞ്ഞു. കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്‌.എഫ്‌ നേതൃത്വം പത്രികകൾ പിന്‍വലിച്ചിരുന്നു. തുടർന്ന്‌ എ.ബി.വി.പിയുമായി നടന്ന മത്സരത്തിൽ മുഴുവൻ സീറ്റും സ്വന്തമാക്കിയാണ് എസ്‌.എഫ്‌.ഐ ഗവ. കോളേജിൽ വിജയിച്ചത്.

കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കൺവീനർ എസ്‌. വിഘ്‌നരാജ്‌, കെ. വി സിദ്ധാർഥ്‌, കെ. വി ശ്രീരൂപ്‌, ഇമ്മാനുവൽ, ജിബിൻ, ലിജോ എന്നിവർക്കാണ്‌ സാരമായി പരിക്കേറ്റത്‌. ചെങ്കള ഇ. കെ നായനാർ സഹകരണ ആശുപത്രിയിൽ കഴിയുന്ന ഇവരെ സി.പി. എം ജില്ലാസെക്രട്ടറി എം. വി ബാലകൃഷ്‌ണൻ, ഏരിയാസെക്രട്ടറി കെ. എ മുഹമ്മദ്‌ ഹനീഫ, എസ്‌.എഫ്‌.ഐ ജില്ലാസെക്രട്ടറി ആൽബിൻ ജോസ്‌, പ്രസിഡന്റ്‌ എ. കെ അഭിജിത്ത്‌, വൈസ്‌ പ്രസിഡന്റ്‌ കെ. എച്ച്‌ സവാദ്‌ തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.

0Shares