
കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ കോട്ടയില്‍ 24ന് ആരംഭിച്ച പുഷ്പ ഫല സസ്യമേളയില്‍ വന്‍ ജനാവലി. കാര്‍ഷിക വകുപ്പിന്‍റെ വിവിധ സ്റ്റാളുകളിലും വിവിധ നഴ്‌സറികള്‍ ഒരുക്കിയ പുഷ്പ ഫല മേളയിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കുടുംബാഗങ്ങളോടൊപ്പം ബേക്കലിലെത്തുന്നവര്‍ കൈ നിറയെ പൂക്കളുടേയും ഫലങ്ങളുടേയും കാര്‍ഷിക വിളകളുടേയുംമെല്ലാം തൈകളും വളങ്ങളും വിത്തുകളും വാങ്ങി മടങ്ങുന്ന കാഴ്ച.
കൃഷിയിടങ്ങളിലെ മണ്ണിന്‍റെ സാമ്പിള്‍ കയ്യില്‍ കരുതിയെത്തിയവര്‍ മൊബൈല്‍ മണ്ണ് പരിശോധനാ ലാബിലെത്തി, ഗുണമേന്‍മയും, ആവശ്യമായ പരിചരണങ്ങളും അറിഞ്ഞ് മടങ്ങി. കുടുംബശ്രീ വിഭവങ്ങളുടെ രുചിയറിഞ്ഞും, ചെമ്പരത്തി ജ്യൂസ് കുടിച്ചും കുട്ടികള്‍ ഓടി നടന്നു.

പലതരം റോസ്, ജയിനിയ, കളാഞ്ചിയ, ജറേനിയം, കൊനിയന്‍ സിറ്റിയ, ഡാലിയ, ചെട്ടി, ചെമ്പരത്തി, ഓര്‍ക്കിഡ്, മെറിഗോള്‍ഡ് തുടങ്ങി വിവിധ തരം പൂക്കളും, വിവിധ തരം മാവുകള്‍, ചുവന്നു തുടുത്ത ചെമ്പരത്തിച്ചക്ക, രണ്ട് വര്‍ഷത്തിനുള്ളില്‍ ചക്കയുണ്ടാകുന്ന വിയറ്റ്‌നാം ആയുര്‍ ജാക്ക്, രുദ്രാക്ഷം, ലോങ്ല്‍ ഫ്രൂട്ട്, മരമുന്തിരി, സാന്തോള്‍ ഫ്രൂട്ട്, സ്‌ട്രോബറി, പേര, റമ്പൂട്ടാന്‍, ജാതിക്ക, റോസ് വരിക്ക എന്നിങ്ങനെ വിവിധ തരം പഴങ്ങളുടെ തൈകളും മേളയിലെത്തുന്നവര്‍ക്ക് സ്വന്തമാക്കാം.
കീടങ്ങളെ നേരിടാനുള്ള ജൈവീക രീതികളും, ആധുനിക സൗകര്യങ്ങളും വിവരിക്കുന്ന സസ്യാരോഗ്യ ക്ലിനിക്കും ഫെസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. സോളാര്‍ ട്രാപ്പ്, ഫിറമോണ്‍ ട്രാപ്പ്, എന്നീ രീതികള്‍ പരിചയപ്പെടുത്തുകയും അതിന്‍റെ വില്‍പനയും നടത്തുന്നു. ഗോമൂത്രം, ചാണകം, വേപ്പിന്‍സത്ത് എന്നിവ ചേര്‍ത്ത തികച്ചും ജൈവികമായ കീട നിയന്ത്രണ മരുന്നും, ഗ്രോ ബാഗും, ഗ്രോബാഗ് നിറയ്ക്കാന്‍ ആവശ്യമായ ചകിരിച്ചോറും ഇവിടെ ലഭിക്കുന്നു. വിത്ത്, വളം, ഗ്രോബാഗ് തുടങ്ങിയവ അടങ്ങിയ അടുക്കളകൃഷിയ്ക്ക് ആവശ്യമായ കിറ്റും ഇവിടെ ലഭിക്കും.
