കാസര്‍കോട് കോടതിയില്‍ ജഡ്ജിമാര്‍ വേണ്ടേ? വിധികാത്ത് കിടക്കുന്നത് നൂറുകണക്കിന് കേസുകള്‍

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട് കോടതിയില്‍ ജഡ്ജിമാര്‍ വേണ്ടേ? വിധികാത്ത് കിടക്കുന്നത് നൂറുകണക്കിന് കേസുകള്‍

കാസര്‍കോട്: ജില്ലാ കോടതിയില്‍ ജഡ്ജിമാരുടെ കുറവ് കാരണം നൂറുകണക്കിന് കേസുകളാണ് വിധി കാത്തുകെട്ടികിടക്കുന്നത്. അഡീ. ജില്ലാ സെഷന്‍സ് കോടതി മൂന്ന്, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലുമാണ് നീതിപാലകരില്ലാത്തത്. അഡീഷണല്‍ ജില്ലാകോടതി മൂന്നില്‍ ഒരു വര്‍ഷമായി ജഡ്ജിയില്ല. 250 ഓളം കേസുകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. കൊലക്കേസ്, മാനഭംഗം തുടങ്ങി ഏഴുവര്‍ഷം തടവ് അനുഭവിക്കേണ്ട സെഷന്‍സ് കേസുകളാണ് ഇവിടെ വിചാരണ ചെയ്യപ്പെടേണ്ടത്. കഴിഞ്ഞ വര്‍ഷം മെയില്‍ ഇവിടെനിന്ന് ജഡ്ജി സ്ഥലം മാറിപ്പോയശേഷം പകരം നിയമനം നടന്നിട്ടില്ല. കാസര്‍കോട് അബ്കാരി കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ കോടതിയിലേക്ക് വരേണ്ട റിമാന്‍ഡ് പ്രതികളുടെയോ ശിക്ഷിച്ച് ജയിലിലുള്ളവരുടെയോ കേസുകളാണ് ചുമതലയുള്ള മറ്റു കോടതി പരഗണിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ആറുമാസമായി ജഡ്ജിയില്ല. ഇതുകാരണം മഞ്ചേശ്വരം താലൂക്കുകളിലെ പോലിസ് സ്‌റ്റേഷനുകളിലെ ക്രിമിനല്‍ കേസുകളാണ് കെട്ടികിടക്കുന്നത്. ഹൈക്കോടതിയാണ് ജില്ലാജഡ്ജിമാരെ നിയമിക്കേണ്ടത്. സി.ജെ.എമ്മുമാരില്‍നിന്ന് പ്രമോഷന്‍ നല്‍കിയാണ് നിയമനം.പ്രമോഷന്‍ ലിസ്റ്റ് മുമ്പേ തയ്യാറാക്കിയതാണെങ്കിലും സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച് നിയമനം നടക്കാത്തതാണ് ജഡ്ജിമാരില്ലാതെ കോടതികള്‍ പ്രവര്‍ത്തിക്കാന്‍ കാരണം. എന്തുകൊണ്ടാണ് പ്രമോഷന്‍ ലിസ്റ്റിന് സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തതെന്ന് വ്യക്തമല്ല. കേസുകളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാകോടതികളില്‍ ജഡ്ജിമാരെ നിയമിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. കാസര്‍കോട്ടെ ബാര്‍ അസോസിയേഷന്‍കാരുടെ പ്രയ്തനം കാരണമാണ് അഡീ. ജില്ലാ സെഷന്‍സ് കോടതി ഒന്നിലും രണ്ടിലും ജഡ്ജിമാരെ നിയമിക്കാനായത്. പുതിയ ബസ് സ്റ്റാന്‍ിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ കുടുംബ കോടതി കോടതി കോംപ്ലക്‌സിലേക്ക് മാറ്റുന്ന നടപടി ഇനിയും ഇഴയുകയാണ്. കോടതിക്കായി വളപ്പില്‍ 25 സെന്റ് സ്ഥലം നീക്കിവച്ചങ്കിലും പിന്നീട് പ്രവര്‍ത്തനം മന്ദഗതിയിലാവുകയായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് 2.43 കോടി രൂപ കെട്ടിടത്തിനായ് അനുവദിച്ചെങ്കിലും പൊതുമരാമത്തിന് അത് കൈമാറാത്തതിനാല്‍ നിര്‍മാണവും അനന്തമായി നീളുകയാണ്. കാലാവധി അവസാനിച്ചതിനാല്‍ പ്ലാനില്‍ മാറ്റം വരുത്തി സമര്‍പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബാര്‍ അസോസിയേഷന്‍ കുടുംബകോടതി വിദ്യാനഗറിലേക്ക് മാറ്റാനായി ഹൈക്കോടതിയ്ക്ക് മെമ്മോറാന്റം സമര്‍പിച്ചിരിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് അശോക് കുമാറും സെക്രട്ടറി രാഘവനും അറിയിച്ചു.

 

0Shares