കാസര്‍കോട് കെ. എസ്. ആര്‍. ടി. സി ഡിപ്പോയിലെ ദീര്‍ഘദൂര ബസുകള്‍ വൈകി ഓടുന്നതിന്റെ പിന്നിലെ കാരണം ഇതാണ്

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട് കെ. എസ്. ആര്‍. ടി. സി ഡിപ്പോയിലെ ദീര്‍ഘദൂര ബസുകള്‍ വൈകി ഓടുന്നതിന്റെ പിന്നിലെ കാരണം ഇതാണ്

കാസര്‍കോട്: കാസര്‍കോട് കെ. എസ്. ആര്‍. ടി. സി ഡിപ്പോയിലെ ദീര്‍ഘദൂര ബസുകള്‍ സമയക്രമം പാലിച്ച് ഓടുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. രണ്ട് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍, വോള്‍വോ, അവസാനമായി എത്തിയ മിന്നല്‍ എന്നിവയാണ് കേരളത്തിന്റെ ഈ വടക്കന്‍ അതിര്‍ത്തി ജില്ലയിലെ ഡിപ്പോയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നത്. രണ്ട് ആഴ്ച മുന്‍പ് മാത്രം തുടങ്ങിയ മിന്നല്‍ സര്‍വീസുകള്‍ മാത്രമാണ് സമയക്രമം പാലിച്ചുകൊണ്ട്‌ ഓടുന്നത്. അതിന്റെ ഫലം കളക്ഷനില്‍ കാണാനുമുണ്ട്. കേരളത്തില്‍ ആരംഭിച്ച ഒന്‍പത് മിന്നല്‍ സര്‍വീസുകളില്‍ ഏറ്റവും ലാഭത്തില്‍ ഓടുന്നത് കാസര്‍കോട് ഡിപ്പോയില്‍ നിന്നും തിരുവനന്തപുരം പോകുന്ന മിന്നല്‍ സര്‍വീസ് ആണ്.

സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍, വോള്‍വോ തുടങ്ങിയവ സ്ഥിരമായി വൈകിതന്നെയാണ് കാലങ്ങളായി ഓടുന്നത്. ഇതിന് കാരണം ഡിപ്പോയിലെ തന്നെ ഉദ്യോഗസ്ഥരാണ് എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇതേ ഡിപ്പോയിലെ തന്നെ ബസ് ജീവനക്കാര്‍ ചാനല്‍ ആര്‍. ബിയോട് പറഞ്ഞു. പാസ് ഉപയോഗിച്ച് സൗജന്യയാത്ര ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥര്‍, ബസില്‍ കണ്ടക്ടറെയോ ഡ്രൈവറെയോ ഫോണില്‍ വിളിച്ചോ, നേരിട്ടോ തങ്ങള്‍ ബസ് പോകുന്ന റൂട്ടിലെ ഏതെങ്കിലും സ്ഥലത്തിന്റെ പേര് പറഞ്ഞിട്ട് അവിടെ നിന്നും ഈ ബസില്‍ യാത്രചെയ്യാന്‍ കയറും എന്നും തങ്ങള്‍ എത്താന്‍ പതിനഞ്ചോ ഇരുപതോ മിനിട്ട് വൈകുകയാണെങ്കില്‍ കാത്തിരിക്കണം ബസ് എടുക്കരുത് എന്നും ആവശ്യപ്പെടും.

പൊതുവേ ഗതാഗതകുരുക്കുള്ള കാസര്‍കോട്- കാഞ്ഞങ്ങാട്- കണ്ണൂര്‍ റോഡില്‍ സാധാരണ വൈകുന്ന സമയത്തിന്റെ പുറമെയാണ് അരമണിക്കൂര്‍ അടുത്ത് ഉദ്യോഗസ്ഥര്‍ക്കായി ബസ് സ്റ്റാന്റുകളില്‍ ഉദ്യോഗസ്ഥര്‍ക്കായി കാത്തിരിക്കേണ്ടി വരുന്നത്. ഇനി, എന്തെങ്കിലും കാരണത്താല്‍ ‘കാത്തുനില്‍ക്കാന്‍ പറ്റില്ല’ എന്ന് പറയുകയോ ബസ് വിട്ടുപോകുകയോ ചെയ്‌താല്‍ ആ ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഉദ്യോഗസ്ഥരുടെ പ്രതികാര നടപടിക്ക് പാത്രമാകും. അത് പക്ഷെ, ഈ കാര്യം പറഞ്ഞുകൊണ്ടാകില്ല. ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അവര്‍ മറ്റ് മാര്‍ഗങ്ങള്‍/ കാരണങ്ങള്‍ കണ്ടെത്തുമെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

രാത്രികാല/ പകല്‍- ദീര്‍ഘദൂര കെ. എസ്. ആര്‍. ടി. സി സര്‍വീസുകള്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് വന്‍ വെല്ലുവിളിയാണ്ഉയര്‍ത്തുന്നത്. മനപൂര്‍വം സര്‍ക്കാര്‍ ബസിന്റെ സമയം വൈകിപ്പിക്കുന്നത് സ്വകാര്യ ബസ്ലോബിയെ സഹായിക്കാനാണ് എന്ന ആരോപണവും ശക്തമാണ്.

0Shares