യക്ഷിയല്ല; റോഡും ചോര കുടിക്കും!

  • Post category:news
  • Reading time:1 min read
You are currently viewing യക്ഷിയല്ല; റോഡും ചോര കുടിക്കും!

കാസര്‍കോട്: പണി പൂര്‍ത്തിയാകും മുന്‍പേ നിരവധി ആളുകളുടെ ചോര ഊറ്റി കുടിച്ച ഒരു റോഡ്! കേള്‍ക്കുമ്പോള്‍ കൗതുകവും പേടിയും തോന്നുന്നു അല്ലേ? അങ്ങ് ഉഗാണ്ടയിലോ എത്ത്യോപ്യയിലോ അല്ല ഇങ്ങ് കേരളത്തില്‍ തന്നെയാണ് ഇത്തരമൊരു അപൂര്‍വ്വ റോഡ്. കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി സംസ്ഥാന പാതയാണ് വഴിയാത്രക്കാര്‍ക്കും വാഹന ഗതാഗതം നടത്തുന്നവര്‍ക്കും പ്രദേശവാസികള്‍ക്കുമെല്ലാം പേടി സ്വപ്നമായി മാറിയിരിക്കുന്നത്. അപകടം നിത്യ സംഭവമായി മാറിയ ഈ റോഡില്‍ കഴിഞ്ഞ ആറുമാസത്തിനിടയില്‍ 12 പേരുടെ ജീവനാണ് പൊലിഞ്ഞത്. നൂറിലേറെ വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

 

പലരും കേരളത്തിലും മംഗലാപുരത്തുമുള്ള ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ചുരുക്കി പറഞ്ഞാല്‍ ഇത്രയും ചെറിയ കാലയളവിനുള്ളില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടന്നത് ഈ പാതയിലാണ്. റോഡില്‍ കെ.എസ്.ടി.പി അധികൃതര്‍ അടിയന്തരമായി ചെയ്യേണ്ട സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാത്തതാണ് നിരന്തരമായി ഇവിടെ അപകടത്തിന് വഴിവെക്കുന്നത്. ഉദുമ, പാലക്കുന്ന്, ബേക്കല്‍, പള്ളിക്കര, ടൗണുകളില്‍ ഡിവൈഡറുകളുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല.

ചില സ്ഥലങ്ങളില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഡിവൈഡറില്‍ ഇടിച്ച് നിരവധി വാഹനങ്ങളാണ് അപകടത്തില്‍പെട്ടു കൊണ്ടിരിക്കുന്നത്. സിഗ്‌നല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ച് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെയായിട്ടും അത് പ്രവര്‍ത്തന യോഗ്യമാക്കാന്‍ കെ.എസ്.ടി.പി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. റോഡിന്റെ ഇരുവശങ്ങളിലും തെരുവിളക്കുകള്‍ സ്ഥാപിക്കാത്തതും രാത്രികാലങ്ങളില്‍ വാഹനാപകടത്തിന് വഴിയൊരുക്കുന്നു. സ്പീഡ് ബ്രേക്കറും സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴാണ് ഈ റോഡില്‍ ഇത്തരത്തില്‍ അപകടങ്ങളുടെ ഘോഷയാത്ര അരങ്ങേറി കൊണ്ടിരിക്കുന്നത്. അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

0Shares