തിരുവനന്തപുരം: ബജറ്റ് അവതരണത്തിനു ശേഷമുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന് ലഭിച്ച അവസരം അദ്ദേഹം ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തി എന്നു മാത്രമല്ല മുന്‍ ധനമന്ത്രി കെ.എം.മാണിയെ പുകഴ്ത്താനും, ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ ‘തലോടാനും ഒപ്പം തല്ലാനും’ മറന്നില്ല!. ബജറ്റില്‍ കാസര്‍കോട് ജില്ലയെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയുടെ വികസന പദ്ധതികളോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിഷേധാത്മക നയം കൈകൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഐസക്ക് അവതരിപ്പിച്ച മുന്‍ ബജറ്റില്‍ പരാമര്‍ശിച്ച ഇസ്ലാമിക്ക് ബാങ്ക് എവിടെയെന്ന് എന്‍.എ നെല്ലിക്കുന്ന് ചോദിച്ചു. എം.ടി വാസുദേവന്‍ നായരുടെ വിവിധ നോവലുകളിലെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമാണ് ഈ ബജറ്റിലുള്ളതെന്നും ‘ഇരുട്ടിന്റെ ആത്മാവിലെ’ വേലായുധനെ പോലെ കേരളത്തിലുടനീളം ഭ്രാന്തന്മാരെ സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റാനാണ് തോമസ് ഐസക്കിന്റെ ശ്രമമെന്നും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞപ്പോള്‍ ഭരണപക്ഷത്തെ ഒരു നിയമസഭാ സാമാജികന്‍ നെല്ലിക്കുന്നിന്റെ പരാമര്‍ശങ്ങളെ ശക്തിയുക്തം വിമര്‍ശിക്കുകയും സഭയെ അവഹേളിക്കുന്ന തരത്തിലുള്ള ആ പരാമര്‍ശങ്ങള്‍ സഭയുടെ രേഖയില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

307ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് എന്‍.എ നെല്ലിക്കുന്നിന്റെ പ്രസംഗത്തിലൂടെ ഉണ്ടായതെന്ന് അദ്ദേഹം സ്പീക്കറെ ഓര്‍മ്മിപ്പിച്ചു. കാസര്‍കോട് ജില്ലയുടെ സമഗ്രമായ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി രൂപീകരിച്ച പി.പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഇടത് സര്‍ക്കാര്‍ പാടെ അവണിച്ചിരിക്കുകയാണെന്ന് എന്‍.എ നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. ബജറ്റ് അവതരണ വേളയില്‍ എം.ടി വാസുദേവന്‍ നായരുടെ കൃതികളെയും പല കഥാപാത്രങ്ങളെയും കൂട്ടു പിടിച്ച് ബജറ്റിന് ശക്തി സൗന്ദര്യം പകരാന്‍ ശ്രമിച്ച തോമസ് ഐസക്കിനെ അതേനാണയത്തില്‍ തിരിച്ചടിച്ച് നിഷ്പ്രഭനാക്കാനുള്ള ശ്രമമാണ് എന്‍.എ നെല്ലിക്കുന്നിന്റെ ഭാഗത്തു നിന്നുമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. ഉരുളക്ക് ഉപ്പേരി എന്ന മട്ടില്‍ എന്‍.എ നെല്ലിക്കുന്നിന്റെ പ്രകടനം ബജറ്റ് അവതരണ ചാര്‍ച്ചയില്‍ വേറിട്ടു നിന്നു. കാസര്‍കോട് ജില്ലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഭരണകവാടത്തില്‍ അരങ്ങേറിയ കരച്ചില്‍ സമരത്തിനു ശേഷം കാസര്‍കോടിന്റെ ജനപ്രതിനിധി നിയമസഭയില്‍ നടത്തിയ വിവാദ പ്രസംഗവും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.
https://www.youtube.com/watch?v=2uGrhs8KGcQ&feature=youtu.be