
ഉപ്പള: കാസര്‍കോട് ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍ -മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ട എഡുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ആഇഷ മെഹ്നാസ്(11 ) അസുഖം മൂര്ചിച്ചതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് സ്കൂളില്‍ അധ്യാപിക കുട്ടിയുടെ മുഖത്ത് ഡെസ്റ്റര്‍ ഉപയോഗിച്ച് മർദ്ദിച്ചിരുന്നതായി ആരോപണം ഉയർന്നിരുന്നു. മെഹ് നാസിന് അപസ്മാര രോഗമുണ്ടായിരുന്നതായി ബന്ധുക്കളും സ്‌കൂള്‍ അധികൃതരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അധ്യാപികയുടെ മർദ്ദനമേറ്റ കുട്ടി മാനസികവിഷമത്തിൽ ആകുകയും, ഇതിനെ തുടർന്ന് അസുഖം ബാധിക്കുകയുമായിരുന്നു. അസുഖത്തെ തുടർന്ന് മംഗളൂരുവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ഒരാഴ്ചമുൻപ് ഡിസ്ചാർജ് നേടി വീട്ടിൽ മടങ്ങിയെത്തി. തുടർന്ന് ബന്ധുവീട്ടിൽ താമസിച്ചുവരികെ, അസുഖം വർദ്ധിക്കുകയും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയുമായിരുന്നു. അധ്യാപിക ഡസ്റ്റര്‍ കൊണ്ട് അടിക്കുകമാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അധ്യാപികമാരുടെ മര്‍ദ്ദനമേറ്റ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചതായാണ് നാട്ടുകാർ ഉൾപ്പെടെ ആരോപിക്കുന്നത്. ഇതനുസരിച്ചാണ് ചില മാധ്യമങ്ങൾ ഇതിനെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോപണം ഉയർന്നതിനെ തുടർന്ന് കളക്ടർ നേരിട്ട് ഇടപെടുകയും മൃതദേഹം വിദഗ്‌ദ പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ആരോപണങ്ങളിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്നറിയാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് എത്തിയെങ്കിൽ മാത്രമേ പറയാൻ കഴിയൂ. മഞ്ചേശ്വരം പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
