കാസര്‍കോട് ഇരട്ടക്കൊലപാതകം: ഉദുമ എം.എല്‍.എയ്ക്ക് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ഇരട്ടക്കൊലപാതകം: ഉദുമ എം.എല്‍.എയ്ക്ക് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉദുമയുടെ എം.എല്‍.എ കെ. കുഞ്ഞിരാമനോ മുന്‍ എം.എല്‍.എ കെ. വി കുഞ്ഞിരാമനോ സി.പി.എം ജില്ലാ നേതാക്കള്‍ക്കോ കൊലപാതകത്തില്‍ പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സി.പി.എമ്മിന്‍റെ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. എന്നാല്‍ കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെട്ടതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മുഖ്യ പ്രതിയായ പീതാംബരന്‍ നേരത്തെ തന്നെ കേസില്‍ അറസ്റ്റിലായിരുന്നു. ഇരട്ട കൊലപാതകത്തിന്‍റെ സൂത്രധാരന്‍ പീതാംബരന്‍ തന്നെയാണെന്നാണ് നേരത്തെ ലോക്കല്‍ പോലീസും കണ്ടെത്തിയത്. അതേസമയം കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. കാസര്‍കോട് കണ്ണോത്ത് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കൊല്ലപ്പെട്ട ഇരുവരെയും പിന്തുടര്‍ന്ന് പ്രതികള്‍ക്ക് ഫോണില്‍ വിവരങ്ങള്‍ കൈമാറി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. രഞ്ജിത്ത് കൂടി പിടിയിലായതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

കഴിഞ്ഞ മാസം 17നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. രാത്രി സമയം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

0Shares