കാസര്‍കോട് അണങ്കൂരില്‍ ദേശീയപാത കയ്യേറി ഭൂമി വില്‍ക്കാനുള്ള ശ്രമം റവന്യൂ അധികൃതര്‍ തടഞ്ഞു; 50 സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ബോര്‍ഡും സ്ഥാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് അണങ്കൂരില്‍ ദേശീയപാത കയ്യേറി ഭൂമി വില്‍ക്കാനുള്ള ശ്രമം റവന്യൂ അധികൃതര്‍ തടഞ്ഞു; 50 സെന്റ്  സ്ഥലം  സര്‍ക്കാര്‍ ഏറ്റെടുത്ത് ബോര്‍ഡും സ്ഥാപിച്ചു

കാസര്‍കോട്: അണങ്കൂര്‍ ടി.വി സ്റ്റേഷനടുത്തു സ്വകാര്യ വ്യക്തി കൈയേറി മുപ്പതു വര്‍ഷത്തിലധികമായി കൈവശം വച്ചിരുന്ന സ്ഥലം റവന്യൂ അധികൃതര്‍ തിരിച്ചുപിടിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് ബോര്‍ഡും സ്ഥാപിച്ചു. കാസര്‍കോട് വില്ലേജ് ഓഫീസര്‍ എം പ്രകാശന്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശശിധര കെ പണ്ഡിത് എന്നിവരുടെ നേതൃത്വത്തിലാണ് കൈവശസ്ഥലം തിരിച്ചു പിടിച്ചത്. കാസര്‍കോട് വില്ലേജിലെ ആര്‍ എസ് നമ്പര്‍. 261 ല്‍ പെട്ട 50 സെന്റ് സ്ഥലമാണ് തിരിച്ചുപിടിച്ചതെന്നു വില്ലേജ് അധികൃതര്‍ അറിയിച്ചു. മഞ്ചേശ്വരം സ്വദേശി കിഫാര്‍ഡ് ക്രാസ്റ്റ, ഭാര്യ ഹില്‍ഡക്രാസ്റ്റ എന്നിവരുടെ അധീനതയിലായിരുന്നു സ്ഥലം. ഈ സ്ഥലത്ത് പത്തുവര്‍ഷം മുമ്പ് ഒരു വീടുവച്ചിട്ടുണ്ടെങ്കിലും അത് തകര്‍ന്ന നിലയിലാണ്. ഇവര്‍ ഈ സ്ഥലം പതിച്ചു നല്‍കുന്നതിനായി വര്‍ഷങ്ങള്‍ക്കുമുമ്പേ തന്നെ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരേ പരിഗണിച്ചിരുന്നില്ല. ഇതുകാരണം ഇവരുടെ ഫയല്‍ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. ആറുമാസം മുമ്പ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതായി നാട്ടുകാര്‍ റവന്യൂ അധികൃതരെ വിവിരമറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ പരിശോധനക്കെത്തിയപ്പോള്‍ വില്‍പനയ്ക്കുള്ള എഗ്രിമെന്റ് നടന്നതായി സൂചന ലഭിച്ചു. കലക്ടറുടെ നിര്‍ദേശം ലഭിക്കാന്‍ വൈകിയതിനാല്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടി വൈകിയിരുന്നു. കഴിഞ്ഞ ആഴ്ച ഈ സ്ഥലം ഒന്നരകോടി രൂപയ്ക്കു വില്‍പന നടത്തുന്നതായി വില്ലേജ് ഓഫിസര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു ശനിയാഴ്ച രാവിലെ അധികൃതര്‍ സ്ഥലത്തെത്തി തിരിച്ചു പിടിച്ചതായി ബോര്‍ഡ് സ്ഥാപിച്ചത്. സ്ഥലം കമ്പിവേലികെട്ടി സംരക്ഷിക്കാന്‍ തഹസിദാര്‍ക്ക് റിപോര്‍ട്ട നല്‍കിയിട്ടുണ്ടെന്ന് വില്ലേജ് ഓഫിസര്‍ എം പ്രകാശന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ഒരുബോധവല്‍ക്കരണം നടത്താനാണ് ഉദ്യോഗസ്ഥര്‍  കയ്യേറിയ സ്ഥലത്ത് സ്ഥലം ഏറ്റെടുത്തതായി സ്വന്തം ചിലവില്‍ ബോര്‍ഡ് സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

0Shares