
കാസര്‍കോട് യുവതിയെ കൊന്ന് പുഴയില്‍ തള്ളിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുണ്ടറ സ്വദേശി പ്രമീളയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സെൽജോയുടെ അറസ്റ്റാണ് വിദ്യാനഗർ പോലീസ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം തള്ളിയെന്ന് സെല്‍ജോ പറഞ്ഞ തെക്കില്‍ പുഴയില്‍ ഇന്നലെയും തെരച്ചില്‍ നടത്തിയെങ്കിലും ഫലം ഒന്നും ഉണ്ടായില്ല. എങ്കിലും പ്രമീളയെ കൊലപ്പെടുത്തിയെന്ന മൊഴിയില്‍ സെല്‍ജോ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

സെപ്റ്റംബര്‍ 19ന് രാത്രി മുതല്‍ പ്രമീളയെ കാണാതായെന്ന ഭര്‍ത്താവ് സെല്‍ജോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തില്‍ കല്ലുകെട്ടി ചാക്ക് കൊണ്ട് പൊതിഞ്ഞ് പുഴയില്‍ താഴ്ത്തിയെന്നാണ് സെല്‍ജോ മൊഴി നല്‍കിയിട്ടുള്ളത്. 11 വര്‍ഷം മുന്‍പ് വിവാഹിതരായ ഇരുവരും കാസര്‍കോട് പന്നിപ്പാറയിലെ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.
