കാസര്‍കോട്: പോലിസുകാരൻ്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു. റിട്ട.ജില്ലാ സഹകരണ ബാങ്ക് മാനേജറും മുളിയാര്‍ ശാന്തിനഗര്‍ സ്വദേശിയുമായ ഇടയില്ലം മാധവന്‍ നായരാണ്(68) മരിച്ചത്. ഭാര്യാസഹോദരിയുടെ മകനും കണ്ണൂര്‍ കെ.എ.പി ഫോര്‍ത്ത് ബെറ്റാലിയനിലെ പോലിസുകാരനുമായ ശ്യാം(30) ആണ് കുത്തിപ്പരുക്കേല്‍പിച്ചത്. പ്രതി സംഭവത്തിന് ശേഷം പോലിസ് പിടിയിലായി.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാധവന്റെ പന്ത്രണ്ടാം മൈലിലെ വീട്ടില്‍ വച്ചാണ് കുത്തേറ്റത്. സ്വത്തുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍
നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഉച്ചയ്ക്ക് മാധവന്റെ വീട്ടിലെത്തിയ ശ്യാം വാതിതള്ളിത്തുറന്ന് കുത്തുകയായിരുന്നു.
നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മാധവന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മൃതദേഹം ചെങ്കള നാലാം മൈലിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട് ജില്ലാ ബാങ്കില്‍ നിന്നും വിരമിച്ചിരുന്നു. ദീര്‍ഘകാലം ജില്ലാ ബാങ്ക് ഡയരക്ടറുമായിരുന്നു. ഒരുനല്ല ബോളിബോള്‍ സംഘാടകന്‍ കൂടിയായിരുന്നു. ആദൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.