കാസര്‍കോട്: കാസര്‍കോട്ടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ എല്ലാ കായിക മത്സരങ്ങള്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായത് രാത്രികാലങ്ങളിലെ കായിക മത്സരങ്ങള്‍ക്കിടയിലാണെന്നും അതിനാല്‍ ഡി.വൈ.എസ്.പിമാരുടെ അനുമതി ലഭിക്കാതെ ഒരു മത്സരപരിപാടികളും സംഘടിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അനുമതി ലഭിക്കാതെ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സംഘര്‍ഷമുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതിന്റെ സംഘാടകര്‍ക്കാണെന്നും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി പത്രസമ്മേളനത്തില്‍ പറഞ്ഞു.

പഴയ ചൂരിയിലെ മദ്രസ അധ്യാപകന്റെ കൊലപാതക കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് സൂക്ഷ്മ പരിശേധനയ്ക്ക് വിധേയമാക്കുമെന്നും കേസന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അത് പറയേണ്ടത് പ്രത്യേക സ്‌ക്വാഡ് ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. റിയാസ് മൗലവിയുടെ കൊലപാതകത്തെക്കുറിച്ച് വര്‍ഗ്ഗീയപരമായ രീതിയില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തുന്നവരെ സൈബര്‍ സെല്ല് നിരീക്ഷിച്ചു വരുന്നുണ്ട്. അതിനാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന എല്ലാവരും അതീവ ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.