കാസര്‍കോട്ട് രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ല; സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഹൈക്കോടതിയില്‍ ഹരജി നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ട് രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ല; സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഹൈക്കോടതിയില്‍ ഹരജി നല്‍കി

കാസര്‍കോട്: രാത്രികാല പോസ്റ്റുമോര്‍ട്ടത്തിനെതിരെ ഡോക്ടര്‍മാര്‍ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഹൈക്കോടതിയില്‍ ഹരജി നല്‍കി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അടക്കം ആറുമെഡിക്കല്‍ കോളജുകളില്‍ രാത്രി കാലങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മെഡിക്കോ ലീഗല്‍ സൊസൈറ്റി സമര്‍പിച്ച ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.എല്‍.എ ഹരജി നല്‍കിയത്. പ്രതിവര്‍ഷം സംസ്ഥാനത്ത് 20,000 ത്തോളം പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാത്രികാലങ്ങളില്‍ ഉള്‍പെടെ പോസ്റ്റുമോര്‍ട്ടം നടത്തേണ്ടത് ആവശ്യമായിരിക്കുകയാണ്. രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച നയം അടക്കമുള്ള കാര്യങ്ങള്‍ എം.എല്‍.എയുടെ ഹരജിയില്‍ ഉന്നയിക്കുന്നുണ്ട്. 30 വയസിന് താഴെയുള്ള സ്ത്രീയുടെ മരണം ഉള്‍പെടെയുള്ള സംശയാസ്പദമായ മരണങ്ങളില്‍ രാത്രിയിലായും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാട്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സംസ്ഥാനത്തെ ആറ് മെഡിക്കല്‍ കോളേജുകളിലും 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് സംവിധാനമേര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 2015 ല്‍ തീരുമാനമെടുത്തിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനമെടുത്തിരുന്നത്. ആറാമത്തെ സബ്മിഷന് മറുപടി നല്‍കിയത് മുഖ്യമന്ത്രി തന്നെയാണ്. എം.എല്‍.എയുടെ ആവശ്യം കേരളത്തിലെ മൊത്തം ജനങ്ങളുടെയും ആവശ്യമാണെന്നും രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഏത് വിധേനയും രാത്രികാല പോസ്റ്റുമോര്‍ട്ട സൗകര്യമേര്‍പ്പെടുത്തണമെന്നും മോര്‍ച്ചറിയുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള തുക നല്‍കാമെന്നും അതും തികയില്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ആവശ്യമായ പണം സ്വരൂപിച്ച് നല്‍കാമെന്നും എം.എല്‍.എ അറിയിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ നിസഹകരണം ഉത്തരവിനെ അട്ടിമറിക്കുകയായിരുന്നു. മെഡിക്കോ ലീഗല്‍ സൊസൈറ്റി സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് രാത്രി പോസ്റ്റുമോര്‍ട്ടം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞത്. ഭൗതിക സാഹചര്യങ്ങളും ആവശ്യത്തിന് ജീവനക്കാരെയും ഏര്‍പെടുത്തിയാല്‍ മാത്രമേ രാത്രി പോസ്റ്റുമോര്‍ട്ടം അംഗീകരിക്കൂവെന്നാണ് സൊസൈറ്റി ചൂണ്ടിക്കാണിക്കുന്നത്.

 

0Shares