കാസര്‍കോട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ മാനഭംഗപെടുത്തി; പോലിസ് കേസൊതുക്കാന്‍ ശ്രമം നടത്തുന്നതായി ആരോപണം

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ മാനഭംഗപെടുത്തി; പോലിസ് കേസൊതുക്കാന്‍ ശ്രമം നടത്തുന്നതായി ആരോപണം

കാസര്‍കോട്: വ്യത്യസ്ത സ്ഥലങ്ങളിലായി ഒന്‍പതും പത്തും പതിനൊന്നും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതികള്‍. ആദൂര്‍, ബേക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ സ്ഥലങ്ങളിലാണ് പീഡനം നടന്നത്. ആദൂരില്‍ പത്തും പതിനൊന്നും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടു യുവാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു. ബന്ധുക്കളായ രണ്ടുപെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ഇരുവരും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് രണ്ടു പേര്‍ പീഡിപ്പിച്ചതായുള്ള വിവരം കുട്ടികള്‍ പുറത്തുപറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തുകയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംഭവത്തെ കുറിച്ച് ആദൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ നാട്ടില്‍ നിന്നും മുങ്ങിയ പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം പള്ളിക്കരയിലും സമാനമായ സംഭവം നടന്നു. നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പത്രവിതരണത്തിനിടെ 16 കാരന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി. പള്ളിക്കര പഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് കഴിഞ്ഞ ദിവസം രാവിലെ പ്ലസ്ടു വിദ്യാര്‍ഥി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌കൂളില്‍ പത്രവിതരണത്തിനെത്തിയ 16കാരന്‍ സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ദേഹത്ത് കയറിപ്പിടിക്കുകയായിരുന്നു. നിലവിളിച്ചോടിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി. പിന്നീട് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തെങ്കിലും ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന ആരോപണമുണ്ട്. സംഭവമറിഞ്ഞ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares