കാസര്‍കോട്ടെ വിവാഹത്തിലെ കോമാളി വേഷങ്ങള്‍

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ വിവാഹത്തിലെ കോമാളി വേഷങ്ങള്‍


ഷാഫി തെരുവത്ത്

കാസര്‍കോട്: ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമാണല്ലോ വിവാഹം. എന്നാല്‍ അത് ആഭാസത്തിന്റെയും ആര്‍ഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെയും വേദിയായി മാറുകയാണ് കാസര്‍കോടന്‍ മണ്ണ്, വരനെ വധുവിന്റെ വീട്ടിലേക്ക് ആനയിച്ച് കൊണ്ടു പോകുന്നിടത്താണ് ആഭാസത്തിന്റെ തുടക്കം. പടക്കം പൊട്ടിച്ചും കളര്‍ മറ്റുള്ളവരുടെ ദേഹത്ത് പൂശിയും തുടങ്ങുന്നു. പിന്നീടതാ റോഡുകള്‍ ഉപരോധിച്ചുള്ള ബൈക്ക് റാലി, വളഞും പുളഞ്ഞും ചെരിഞ്ഞും മറിഞ്ഞുമുള്ള ബൈക്ക് അഭ്യാസപ്രകടനങ്ങള്‍ അവസാനിക്കുന്നത് വധുവിന്റെ വീട് അടുക്കാറാവുമ്പോള്‍. പോകുന്നവരുടെ വേഷം കണ്ടാല്‍ മനുഷ്യന്‍ കടന്ന് ചെന്നിട്ടില്ലാത്ത രാജ്യങ്ങളിലെ നരഭോജികളെ പോലെയുള്ള വേഷങ്ങള്‍, കോമാളി വേഷങ്ങള്‍, വരനെ കൊണ്ടു പോകുന്നത് സൈക്കിളില്‍ കയറ്റിയും കൈവണ്ടിയില്‍ ഇരുത്തിയും നാല്‍ക്കാലി മൃഗങ്ങളുടെ പുറത്തിരിത്തിയും വധുവിന്റെ വീട്ടില്‍ എത്തുമ്പോള്‍ വരന്റെ പകുതി ആയുസ് കുറഞ്ഞിരിക്കും. തീരുന്നില്ല, ഇതാ പിന്നീട് തുടങ്ങുന്നത് മണിയറയിലേക്ക് അടുക്കുമ്പോള്‍ അവിടെ മണിയറ പൊളിക്കല്‍ എന്ന നാടകം തുടങ്ങുന്നു. പിന്നീടതാ വധുവിന്റെ പാവപ്പെട്ട ഉപ്പയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ മണിക്കുറുകളോളം നല്ലൊരു ചടങ്ങിനെത്തുന്നവരേ മുള്‍മുനയില്‍ നിര്‍ത്തുന്ന ചില തെമ്മാടികൂട്ടങ്ങള്‍. ചടങ്ങ് ഒരു വിധം കഴിഞ്ഞെന്ന് സമാധാനിക്കാന്‍ വരട്ടെ രാത്രി വരനൊപ്പം വധുവിനെ കൊണ്ട് വധുവിന്റെ വീട്ടില്‍ കൊണ്ടു വരുന്ന കോമാളി വേഷധാരികള്‍. അവരേ സമയത്തിന് എത്തിക്കാതെ കവലകളിലും റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും കറക്കി പുലര്‍ച്ചെ വധുവിന്റെ വീട്ടിലേക്ക് തള്ളിയിടുന്നു. ഇവരേ പ്രതീക്ഷിച്ച് ഭക്ഷണം വിളമ്പി കാത്തിരിക്കുന്ന പ്രായമാവരും ബന്ധുക്കളും അവസാനം പ്രാകി നടന്നു പോകുന്നു. വരന്റെ കൈയൊടിച്ചതും വധുവിന്റെ വീട്ടിലെ മണിയറ തല്ലി പൊളിച്ചതും പുലര്‍ച്ചെ വധുവിനൊപ്പം വിടാത്ത വരനെയും കോമാളി വേഷം കെട്ടിയവരേ പോലീസ് പിടികൂടിയതുമെല്ലാം ഇതേ മണ്ണില്‍ നിന്നാണ്. ഇതിനെതിരേ നടപടിയെടുക്കുമെന്ന് പറഞ്ഞ ജമാഅത്ത് കമ്മിറ്റിയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തുന്നു. ഈയിടെ പ്രായമായ ഒരാള്‍ പറയുന്നത് കേട്ടു വിവാഹത്തിന് പോകാം. പക്ഷേ, വരനൊപ്പം പോകാനുള്ള മനക്കരുത്തില്ലെന്ന്. പണ്ടൊക്കെ വരനൊപ്പം പാട്ടും പാടി പോകാന്‍ തന്നെ വലിയ ഉല്‍സാഹമായിരുന്നു. ഇപ്പോള്‍ പേടി തോന്നുകയാണെന്ന്. ഉള്ളവന് ആര്‍ഭാടമാവാം. പൊങ്ങച്ചവുമാവാം.

0Shares