കാസര്‍കോട്ടെ മദ്രസ അധ്യാപകന്റെ അരുംകൊലയ്ക്ക് പിന്നിലാര്..?

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട്ടെ മദ്രസ അധ്യാപകന്റെ അരുംകൊലയ്ക്ക് പിന്നിലാര്..?

കാസര്‍കോട്:  കാസര്‍കോട് നഗരത്തോട് ചേര്‍ന്ന പഴയ ചൂരി പ്രദേശം ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്. എട്ട് വര്‍ഷത്തോളമായി ഇവിടെ ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനായി ജോലി ചെയ്യുകയായിരുന്ന റിയാസ് മൗലവിയുടെ നിഷ്ഠുരമായ കൊലപാതകം ആബാലവൃദ്ധം ജനങ്ങളെയും ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. കുടക് സ്വദേശിയാണ് ഈ 30 കാരന്‍. വാസ്തവത്തില്‍ എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങള്‍ ഒന്നടങ്കം. ഒരുകാലത്ത് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായ സ്ഥലമാണ് ചൂരി. എന്നാല്‍ ഏറെ നാളായി ഇവിടം സമാധാനാന്തരീക്ഷത്തിലാണ്. അതിനിടയിലാണ് പള്ളിയില്‍ കയറിയുള്ള ക്രൂരമായ കൊലപാതകം. പള്ളിയ്ക്ക് നേരെയുള്ള ആക്രമണം ആണെന്നായിരുന്നു ആദ്യം ധരിച്ചത്. പിന്നീടാണ് ആ ഞെട്ടിപ്പിക്കുന്ന കാര്യം വെളിപ്പെട്ടത്; റിയാസ് മൗലവി മൃഗീയമായി കൊല്ലപ്പെട്ടിരിക്കുകയാണെന്ന്. ഇത്രയും കാലത്തിനിടയില്‍ റിയാസ് മൗലവിയോട് ആര്‍ക്കും അപ്രിയവും ശത്രുതയുമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. പള്ളിയോട് ചേര്‍ന്നുള്ള അടുത്തടുത്ത മുറികളിലാണ് റിയാസും പള്ളി ഖത്തീബും താമസിച്ചിരുന്നത്.

 

പാതിരാത്രിയില്‍ ശബ്ദം കേട്ട് ഉണര്‍ന്ന ഖത്തീബ് കണ്ടത് ശക്തമായ കല്ലേറായിരുന്നു. പള്ളിക്ക് നേരെ ആക്രമണം നടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. മുറിയില്‍ നിന്ന് പള്ളിക്കകത്തേക്ക് കയറി ഖത്തീബ് ബാങ്ക് കൊടുക്കുന്ന മൈക്കിലൂടെ ആക്രമണ വിവരം നാട്ടുകാരെ അറിയിച്ചു. ആളുകള്‍ കുതിച്ച് എത്തുമ്പോഴേക്കും അജ്ഞാത അക്രമി സംഘം റിയാസിനെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു. അടുത്തിടെയാണ് ഈ പ്രദേശത്ത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനിടെ നാലംഗ സംഘം വാളുമായി ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അന്ന് പോലീസ് സ്ഥലത്തുണ്ടായിട്ടും അക്രമികളെ പിടികൂടാനായില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇവിടെ മൂന്ന് പേര്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. മധൂര്‍ പഞ്ചായത്തിലെ ബട്ടംപാറയിലെ ഇര്‍ഷാദ്, മീപ്പുഗിരിയിലെ സാബിത്, ഒടുവില്‍ കുടക് സ്വദേശിയായ റിയാസും.

പ്രദേശത്ത് ഉണ്ടായ മുഴുവന്‍ കൊലപാതകങ്ങളും പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ് നടത്തിയിട്ടുള്ളതെന്നാണ് കാസര്‍കോട് മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുറഹ്മാന്‍ ആരോപിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ ബി.ജെ.പി നേതാക്കളായ അഭിഭാഷകരാണ് പലപ്പോഴും എത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മദ്രസ അധ്യാപകന്റെ കൊലയിലേക്ക് നയിച്ച കാര്യ കാരണങ്ങളെക്കുറിച്ച് ആര്‍ക്കും ഒരു എത്തുംപിടിയും കിട്ടുന്നില്ലെന്നതാണ് പരമാര്‍ഥം. എന്തായാലും ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ വൈകാതെ സത്യം പുറത്ത് വരുമെന്നാണ് പ്രദേശവാസികള്‍ കരുതുന്നത്.

0Shares