കാഞ്ഞങ്ങാട്: ജന്മിത്വ നാടുവാഴിത്വത്തിന്റെ ഓര്‍മകളുറങ്ങുന്ന പുല്ലൂരിലെ മാക്കരംകോട്ട് ഇല്ലം കാസര്‍കോടന്‍ ടൂറിസത്തിന്റെ അടയാളമാകും. ഇല്ലത്തിന്റെ നടത്തിപ്പ് ചുമതലക്കാരായ പ്രജാപതി വില്ലേജ് ടൂറിസം ട്രസ്റ്റും കോഴിക്കോട് ആസ്ഥാനമായ കബനി കമ്യൂണിറ്റി ടൂറിസവും കൈകോര്‍ത്താണ് പുതിയ പദ്ധതിയ്ക്ക് ലക്ഷ്യമിടുന്നത്. കേരളത്തിലൂടനീളം ടൂറിസംരംഗത്ത് പ്രവര്‍ത്തിക്കുന്ന കബനി ഗ്രൂപ്പിന്റെ പാക്കേജുകളില്‍ അതായത് ഇവരുടെ വെബ്സൈറ്റുകളിലുള്‍പ്പെടെ ഇനി മാക്കരംകോട്ടില്ലവും സ്ഥാനം പിടിക്കും. ഇരുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള ഈ ഇല്ലത്തിന്റെ കൃത്യമായ വിശദാശംങ്ങള്‍ സഞ്ചാരികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തുള്ള ടൂറിസം പ്രൊമോഷന്‍ നടത്തുമെന്ന് കബനി ഗ്രൂപ്പ് ചെയര്‍മാന്‍ സുമേഷ് മംഗലശ്ശേരി പറഞ്ഞു. സഞ്ചാരികള്‍ക്കുള്ള ഹെറിറ്റേജ് ഹോം ആയി ഇല്ലത്തിന്റെ മുറികളെ ഉപയോഗിക്കും. സഞ്ചാരികളെ ആകര്‍ഷിക്കുന്ന ബേക്കല്‍ കോട്ട, റാണിപുരം, ഇവിടുത്തെ തെയ്യം, യക്ഷഗാനം, വടക്കന്‍ കേരളത്തിന്റെ ഭക്ഷണവിഭവങ്ങള്‍, കാസര്‍കോടിന്റെ സംസ്‌കാരം എന്നിവ ഉള്‍പ്പെടുത്തിയുള്ള ടൂറിസം പാക്കേജിനാണ് രൂപം നല്‍കുക. ഇല്ലത്തിനരികിലൂടെ കാട്ടരുവി കടന്നുപോകുന്നു. ഇരുനിലകളിലായി പതിനഞ്ചിലേറെ മുറികളും നീണ്ടുകിടക്കുന്ന വരാന്തയുമുണ്ട്. താന്ത്രികാചാര്യമന്‍മാരുള്‍പ്പടെ ജീവിച്ചിരുന്ന ഇല്ലത്തിന് ഇന്ന് 19 അവകാശികളുണ്ട്. ഇവരുടെ മേല്‍നോട്ടത്തിലാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം. കോട്ടക്കലിലെ പ്രശസ്ത കഥകളി ആചാര്യന്‍മാരായ വാസുദേവ കുണ്ഡലായര്‍, കേശവ കുണ്ഡലായര്‍ എന്നിവര്‍ ഇല്ലത്തിലെ ഇപ്പോഴത്തെ കണ്ണികളാണ്. അഞ്ച് ഏക്കറിലധികം സ്ഥലവും മാക്കരംകോട്ട് ഇല്ലവും ഒന്നര വര്‍ഷം മുമ്പാണ് പ്രജാപതി ട്രസ്റ്റ് ഏറ്റെടുത്തത്. 175 വര്‍ ഷത്തെ പഴക്കമാണ് ഇല്ലത്തിനുള്ളത്. ബ്രിട്ടീഷ്‌കാലത്ത് പണി തീര്‍ത്ത അതിഥി മന്ദിരം ഉള്‍പ്പെടെ സമൃദ്ധമായ സ്മരണകളുമായി നില്‍ക്കുന്ന ഇല്ലത്തിന്റെ ശില്‍പ ചാതുരി കാലത്തെ വെല്ലുന്നതാണ്. ചെത്തി മിനുക്കിയ കല്ലില്‍ തീര്‍ത്ത ഇല്ലത്തിന്റെ മുറികളും വിശാലമായ ഹാളും ഏത് കാലാവസ്ഥയിലും സുഖശീതളമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
പ്രശസ്ത സംവിധായകന്‍ ഷാജി.എന്‍.കരുണ്‍ സംവിധാനം ചെയ്ത പിറവി സിനിമയുടെ ഒട്ടേറെ രംഗങ്ങള്‍ ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു. സിനിമയിലൂടെയും ഈ ഇല്ലത്തിന്റെ തനിമ പുറംലോകം അറിഞ്ഞതോടെയാണ് ഇല്ലം കാണാന്‍ വിദേശികളുള്‍പ്പെടെ ഒട്ടേറെ പേര്‍ ഇവിടെ എത്താന്‍ തുടങ്ങിയത്. കൊട്ടില, പടിഞ്ഞാറ്റ, അടുക്കള, നടുത്തളം എന്നിവയെല്ലാം ഇല്ലത്തെ ആകര്‍ഷകമാക്കുന്നു. ഇല്ലംമുറ്റത്തെ വിസ്തൃതമായ കുളം പ്രാചീന ശില്‍പചാതുരിയുടെ പകിട്ട് വിളിച്ചോതുന്നു. മാക്കരംകോട്ട് ഇല്ലം കഥകളി രംഗത്തേക്ക് സംഭാവന ചെയ്ത പ്രശസ്തരായ കഥകളി ആചാര്യന്മാരാണ് സഹോദരങ്ങളായ കേശവ കുണ്ടിലായരും വാസുദേവ കുണ്ടിലായരും. ഇവരിപ്പോള്‍ പി.എസ്.വി കോട്ടക്കല്‍ നാട്യസംഘം കലാകാരന്മാരാണ്. രാജ്യത്തിന് അകത്തും പുറത്തും നിരവധി പരിപാടികള്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. കഥകളി ചമയം ഉള്‍പ്പെടെയുള്ള മാക്കരംകോട്ട് മനയുടെ കഥകളി സംഘത്തിന്റെ യശസ്സ് പഴയനാളില്‍ വാനോളം ഉയര്‍ന്നിരുന്നു.
