കാസര്‍കോട്: അടുത്തകാലത്തായി കാസര്‍കോട് ജില്ലയിലെ കോണ്‍ഗ്രസ്സ് നേതൃത്വവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒട്ടും സുഖപ്രദമല്ല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി ഹക്കിം കുന്നില്‍ ചുമതല ഏറ്റതുമുതല്‍ നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ അസ്വാരസ്യവും മുറു മുറുപ്പും ഇഷ്ടക്കേടും ശീതസമരവും തലപ്പൊക്കുകയായിരുന്നു. ചെറുപ്പക്കാരനായ ഡി.സി.സി പ്രസിഡന്റിനെ അംഗീകരിക്കാന്‍ വൈമനസ്യമുള്ള കുറേ നേതാക്കള്‍ ജില്ലയിലുണ്ട്. ഡി.സി.സി പ്രസിഡന്റിന്റെ സ്ഥാനം സ്വപ്‌നം കാണുകയും വല്ലാതെ ആഗ്രഹിക്കുകയും ചെയ്ത വിദ്വാന്‍മാര്‍ പലരുമുണ്ട്. അവര്‍ക്കെല്ലാം കനത്ത അടിയായിരുന്നു ഹക്കീം കുന്നിലിന്റെ സ്ഥാനലബ്ധി. പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ ഹക്കീം ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ജില്ലയില്‍ തലങ്ങും വിലങ്ങും ഗ്രൂപ്പ് കളി സജീവമാകുന്നത്.

ഡി.സി.സി പ്രസിഡന്റിനെ അവഗണിക്കാനും അനുസരിക്കാതിരിക്കാനും ചിലര്‍ ശ്രമിക്കുമ്പോള്‍ മറ്റു ചിലര്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് കരുത്ത് പകരാനുള്ള യത്‌നത്തിലാണ്. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഐ ഗ്രൂപ്പ് ശക്തിപ്പെടുത്താനുള്ള നീക്കം ഇപ്പോള്‍ തിരുതകൃതിയായി നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് നടന്ന ഗ്രൂപ്പ് യോഗത്തില്‍ ജില്ലയിലെ ഐ വിഭാഗത്തിന്റെ പ്രമുഖ നേതാക്കളെല്ലാം സംബന്ധിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്റെ സാന്നിധ്യത്തിലാണ് യോഗം വിളിച്ച് ചേര്‍ത്തത്. പുതിയ കരുനീക്കങ്ങള്‍ ആവിഷ്‌കരിക്കാനോ ഐ ഗ്രൂപ്പിന്റെ പ്രതാപം തിരിച്ചു പിടിക്കാനോ സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ ഐ ഗ്രൂപ്പിന്റെ വെന്നിക്കൊടി പാറിക്കാനുമാണ് തീരുമാനം. മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗങ്ങളായ പി.എ. അഷ്‌റഫ് അലി, ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി.സി.സി. അംഗങ്ങള്‍, ഡി.സി.സി. ഭാരവാഹികള്‍ തുടങ്ങിയവരും ബ്ലോക്ക് പ്രസിഡന്റ്മാരും പങ്കെടുത്തു. ഈയിടെ നടന്ന കെ.എസ്.യു. തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനുണ്ടായ കനത്ത തോല്‍വിയെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഡി.സി.സി. പ്രസിഡന്റിന്റെ പല നടപടികളിലുമുള്ള വിയോജിപ്പ് യോഗത്തില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തി. കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസിന് അധികാരം നഷ്ടമായതിന് ശേഷം ജില്ലയില്‍ പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമായിരിക്കുകയാണ്. നിരാശയും മൗഢ്യവും ബാധിച്ച പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഗ്രഹിക്കുമ്പോഴും നേതാക്കള്‍ വീണ്ടും ഗ്രൂപ്പ് കളിയുടെ വഴിയിലൂടെ മുന്നോട്ട് പോകാനാണ് താത്പര്യം കാട്ടുന്നത്. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി നഷ്ടമായി എന്ന മട്ടിലാണ് കാസര്‍കോട്ടെ കോണ്‍ഗ്രസ്സിന്റെ അവസ്ഥ. ജില്ലയില്‍ നിന്ന് കോണ്‍ഗ്രസ്സിന് എം.പിയും എം.എല്‍.എമാരും ഇല്ലാതെയായിട്ട് വര്‍ഷങ്ങളായി. ഗ്രൂപ്പ് വൈരാഗ്യം മാറ്റിവച്ച് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസ്സിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് നിഷ്പക്ഷമതികളായ പലരും ചൂണ്ടികാട്ടുന്നത്. കഴിഞ്ഞ തവണ ചെറിയ വോട്ടുകള്‍ക്കാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. ടി. സിദ്ധിഖ് പി.കരുണാകരനോട് പരാജയപ്പെട്ടത്. കോണ്‍ഗ്രസ്സിനോ യു.ഡി.എഫിനോ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം, ബാലികേറാമലയല്ലെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തി കൊടുത്തിരുന്നു.

പി.കരുണാകരന്‍ ആദ്യ തവണ മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം ഒന്നേകാല്‍ ലക്ഷത്തോളം വോട്ടുകളായിരുന്നു. രണ്ടാം തവണയാകട്ടെ കേവലം അയ്യായിരം വോട്ടുകള്‍ക്കാണ് അദ്ദേഹം ജയിച്ചത്. കോണ്‍ഗ്രസ്സുകാരുടെ പോള്‍ ചെയ്യപ്പെടാത്ത വോട്ടുകള്‍ നൂറുകണക്കിന് ഉണ്ടായിരുന്നു. ഈ പരാജയത്തില്‍ നിന്നും അനുഭവപാഠം പഠിക്കുന്ന പക്ഷം കോണ്‍ഗ്രസ്സിന് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് വിജയക്കൊടി പാറിക്കാന്‍ സാധിക്കും. പക്ഷേ ഗ്രൂപ്പ് പോരില്‍ ഇനിയും അഭിരമിക്കാനാണ് താത്പര്യമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ കാര്യം അപകടകരമായിരിക്കുമെന്നേ പറയാനുള്ളൂ. പുതുതലമുറയില്‍ ആശയും ആവേശവും പകര്‍ന്ന് കൊടുക്കാന്‍ സാധിക്കാത്ത കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതൃത്വം ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കുമോ എന്നതാണ് ഒരു ഗ്രൂപ്പിലും പെടാത്ത പ്രവര്‍ത്തകര്‍ പ്രതീക്ഷാപൂര്‍വ്വം ചോദിക്കുന്നത്.