കാസര്‍കോട്ടുകാരാ, ഇത് നിന്റെ വിധി; നീ എക്കാലവും ഉപ്പുവെള്ളം കുടിച്ച് മരിക്ക്…

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട്ടുകാരാ, ഇത് നിന്റെ വിധി; നീ എക്കാലവും ഉപ്പുവെള്ളം കുടിച്ച് മരിക്ക്…

കാസര്‍കോട്: കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലം വിതരണം ചെയ്യാനായി പയസ്വിനി പുഴയിലെ (ചന്ദ്രഗിരിപുഴ) ബാവിക്കരയില്‍ കുറേ കാലം മുമ്പ് തടയണ നിര്‍മ്മിക്കാന്‍ ആരംഭിക്കുകയും പിന്നീട് പല കാരണങ്ങളാല്‍ അത് മുടങ്ങുകയും തുടര്‍ന്ന് നിര്‍മ്മാണം നീട്ടിവെയ്ക്കുകയും ചെയ്തു. 2005ല്‍ 2.88 കോടി രൂപയുടെ അടങ്കല്‍ തയ്യാറാക്കിയ പണി പിന്നീട് കോടി കണക്കിന് രൂപ ചെലവഴിച്ചിട്ടും ഇന്നും പൂര്‍ത്തിയായിട്ടില്ല. സ്ഥിരം തടയണ നിര്‍മ്മിക്കാന്‍ ഏറ്റവും ഒടുവിലായി 27.75 കോടിയുടെ അടങ്കലാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ പദ്ധതി ഇപ്പോള്‍ ചെറുകിട ജലസേചന വിഭാഗം ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ അനുമതി കാത്തിരിക്കുകയാണ്. അരലക്ഷത്തിലേറെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള ബാവിക്കര പദ്ധതി ഒരു വ്യാഴവട്ടക്കാലം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെതിരെ വര്‍ഷങ്ങളായി നിരന്തരമായ മുറവിളിയും പ്രക്ഷോഭവും നടക്കുന്നുണ്ടെങ്കിലും അധികൃതര്‍ക്ക് തെല്ലും കുലുക്കമില്ലെന്നതാണ് പരമാര്‍ത്ഥം.

ഇതൊരു മനുഷ്യാവകാശ പ്രശ്‌നമായതിനാല്‍ ഉത്തരവാദപ്പെട്ടവര്‍ ജനങ്ങളോട് കാട്ടുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് ചൂണ്ടിക്കാട്ടി കാസര്‍കോട്ടെ സാമൂഹ്യ സന്നദ്ധ സംഘടനയായ കാസര്‍കോട് പീപ്പീള്‍സ് ഫോറം കേരളാ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. വേനല്‍കാലത്ത് കടലിലെ ഉപ്പ് വെള്ളം പയസ്വിനി പുഴയിലെ വെള്ളത്തില്‍ ഇടകലരുന്നതിനാലാണ് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ജനങ്ങള്‍ക്ക് ഉപ്പ് വെള്ളം കുടിക്കേണ്ടി വരുന്നത്. ഉപ്പ് വെള്ളം കയറുന്നത് തടഞ്ഞ് നിര്‍ത്താന്‍ ബാവിക്കര പുഴയില്‍ എല്ലാ വേനല്‍ക്കാലത്തും പ്ലാസ്റ്റിക് തടയണ നിര്‍മ്മിക്കുകയാണ് പതിവ്.  പിന്നിട്ട കാലത്തിനിടയില്‍ ഇതിന്റെ മറവില്‍ കോടിക്കണക്കിന് രൂപയാണ് കരാറുകാര്‍ അടിച്ചെടുത്തത്. ഇത്തവണയും സ്ഥിതി ഇതുതന്നെയാണ്. ബാവിക്കരയില്‍ സ്ഥിരം തടയണ നിര്‍മ്മിക്കുന്നതിന് 20 കോടി രൂപ ചെലവില്‍ നേരത്തെ തുടങ്ങിയ പദ്ധതി പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പുഴയുടെ അടിത്തട്ട് താഴ്ന്നതായി കണ്ടതിനെ തുടര്‍ന്ന് കരാറുകാരന്‍ പ്രസ്തുത പദ്ധതിയില്‍ നിന്നും പിന്‍വലിയുകയായിരുന്നു. ജനങ്ങളെ ഇത്തരത്തില്‍ വര്‍ഷങ്ങളായി ഉപ്പു വെള്ളം കുടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥന്മാര്‍ക്കും അവകാശപ്പെട്ടതാണ്.

മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ സി.ടി. അഹമ്മദ് അലിയാണ് ദീര്‍ഘകാലം കാസര്‍കോട് പ്രദേശത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തത്. ബാവിക്കര ശുദ്ധജലപദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് എം.എല്‍.എ ആയിരുന്നപ്പോഴും പിന്നീട് മന്ത്രിയായപ്പോഴും നാഴികയ്ക്ക് നാല്‍പ്പത് വട്ടം അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പ് വെറും കുറുപ്പിന്റെ ഉറപ്പ് മാത്രമാണെന്ന് പിന്നീട് ജനങ്ങള്‍ തിരിച്ചറിഞ്ഞു.സി.ടി അഹമ്മദ് അലിക്ക് ശേഷം രണ്ട് വട്ടം കാസര്‍കോട്ട് നിന്നും തെരഞ്ഞെടുക്കപ്പെട്ട എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ബാവിക്കര പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് ആണയിട്ട് പറഞ്ഞിരുന്നു. എന്നാല്‍ അതും ജലരേഖയായി മാറിയത് ജനങ്ങള്‍ തിരിച്ചറിയുന്നു. ചുരുക്കി പറഞ്ഞാല്‍ ബാവിക്കര പദ്ധതിയുടെ കാര്യത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കോ ഭരണാധികാരികള്‍ക്കോ യാതൊരു പ്രതിബദ്ധതയും താത്പര്യവുമില്ല.

വാട്ടര്‍ അതോറിറ്റിയിലെയും ചെറുകിട ജലസേചന വകുപ്പിലെയും ഉദ്യോഗസ്ഥന്മാര്‍ക്കും ഒരുപറ്റം കരാറുകാര്‍ക്കും ബാവിക്കര പദ്ധതി വര്‍ഷങ്ങളായി കീശ വീര്‍പ്പിക്കാനുള്ള ഉപാധിമാത്രം!. പതിറ്റാണ്ടുകളായി നഗരത്തിലും പരിസര പഞ്ചായത്തുകളിലുമുള്ള ആയിരങ്ങള്‍ ഉപ്പ് വെള്ളം കുടിച്ച് വീര്‍പ്പു മുട്ടുന്നു. ഇടത് മുന്നണി ഭരണം വന്നാലും യു.ഡി.എഫ് ഭരണം വന്നാലും കാസര്‍കോട്ടുകാരന് എന്നും കുമ്പിളില്‍ തന്നെ കഞ്ഞി! ജനങ്ങളെ ഉപ്പ് വെള്ളം കുടിപ്പിച്ച് രോഗികളാക്കുന്നതിനെതിരെ ഗ്രേറ്റ് ഹിസ്റ്ററി മേക്കേര്‍സ് എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ഉപ്പു കുറുക്കല്‍ സമരം ശ്രദ്ധേയമായി. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തില്‍ നിന്ന് ഉപ്പു കുറുക്കിയെടുത്താണ് പ്രതീകാത്മകമായ ഈ സമരം നടത്തിയത്.

0Shares