കാസര്‍കോട്: കാസര്‍കോട് ജില്ലക്കാരുടെ ഏറെക്കാലത്തെ സ്വപ്‌നമായ രാജധാനി എക്‌സ്പ്രസിന് സ്റ്റോപ് യാഥാര്‍ത്യമാകാന്‍ പോകുന്നതായി സൂചന. ഇതുസംബന്ധിച്ച് കാസര്‍കോട് എം.എല്‍.എ യുടെ പരാതിക്ക് മറുപടിയായി റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന്റെ മറുപടിക്കത്ത് കാസര്‍കോട്ടെത്തി. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ റെയില്‍വേ ഡയരക്ടറേറ്റിവിന് നിര്‍ദേശം നല്‍കിയതായും കത്തില്‍ പറയുന്നു. തുടര്‍ച്ചയായി മൂന്നുതവണ കാസര്‍കോട് എം.പി യായി പ്രവര്‍ത്തിക്കുന്ന പി കരുണാകരന്റെ ഇടപെടല്‍ കാര്യമായി നടക്കാത്തതിനെ തുടര്‍ന്നാണ് എം.എല്‍.എ നേരിട്ട് കത്തയച്ചത്. സപ്തംബര്‍ 27 നാണ് മന്ത്രിക്ക് എം.എല്‍.എ നിവേദനമയച്ചത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സിപിസിആര്‍ഐ), കേന്ദ്ര കേരളാ സര്‍വകലാശാല തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങള്‍ ജില്ലയിലിരിക്കെ രാജധാനി എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തത് ജനദ്രോഹ നടപടിയാണെന്ന് എം.എല്‍.എ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജില്ലയിലെ കേന്ദ്ര,സംസ്ഥാന,സ്വകാര്യ സ്ഥാപനങ്ങളില്‍ ഡല്‍ഹിയടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.രാജധാനിക്ക് ജില്ലയില്‍ സ്റ്റോപ്പില്ലാത്തത് ഇത്തരം ജീവനക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാസര്‍കോടിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യം അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയോട് എംഎല്‍എ അപേക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം തീരുമാനമാകുമെന്ന സൂചനയാണ് റെയില്‍വേ അധികൃതരില്‍ നിന്ന് ലഭിക്കുന്നത്. കാസര്‍കോട് ജില്ല ഒഴികെയുള്ള റെയില്‍വേ കടന്നുപോകുന്ന ജില്ലകളിലെല്ലാം സ്റ്റോപ്പുള്ള രാജധാനി എക്സ്പ്രസിന് കാസര്‍കോട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ മുന്നില്‍ കണ്ണൂര്‍ എം.പി. പി.കെ ശ്രീമതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉപ്പളയിലെത്തിയ പാലക്കാട് ഡിവിഷന്‍ മാനേജര്‍ക്കും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കിയിരുന്നു.