
ഇന്ത്യയിലെ ജമ്മു കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള ഇസ്‌ലാമിക രാജ്യങ്ങളുടെ യോഗം പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കും. 57 അംഗ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്ലാമിക് കോപറേഷന്‍റെ യോഗമാണ് ഇസ്ലാമാബാദില്‍ വെച്ച് നടക്കുന്നത്. നേരത്തെ സൗദി അറേബ്യയില്‍ യോഗം നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായി സൗദി വിദേശകാര്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന് പാകിസ്ഥാന്‍ സൗദിയോട് കര്‍ശനമായി തന്നെ ആവശ്യപ്പെടുകയായിരുന്നു.

ഈ ആവശ്യം അംഗീകരിച്ചാണ് പ്രത്യേക ഉച്ചക്കോടി വിളിച്ചു ചേര്‍ക്കാം എന്ന് സൗദി അറേബ്യ ഉറപ്പ് നല്‍കിയത്.ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയിലുണ്ടായ ഭിന്നത മുതലെടുത്ത് പാകിസ്ഥാന്‍ നടത്തിയ കരുനീക്കമാണ് കാശ്മീര്‍ വിഷയത്തില്‍ പ്രത്യേക യോഗം വിളിച്ചു കൂട്ടാന്‍ സൗദിയെ പ്രേരിപ്പിച്ചത്.
നേരത്തെയും ഇതേ ആവശ്യം പാകിസ്ഥാന്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഒ.ഐ.സിയിലെ പ്രധാനികളായ സൗദിയും യു.എ.ഇയും ഇന്ത്യന്‍ നിലപാടിനൊപ്പമായിരുന്നതിനാല്‍ തള്ളപ്പെട്ടിരുന്നു.
