കാശ്മീരില്‍ ഭീകരര്‍ക്കിടയില്‍ കുടിപ്പക വളരുന്നു, പരസ്പരം ഒറ്റിക്കൊടുത്ത് ചതിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കാശ്മീരില്‍ ഭീകരര്‍ക്കിടയില്‍ കുടിപ്പക വളരുന്നു, പരസ്പരം ഒറ്റിക്കൊടുത്ത് ചതിക്കുന്നു

കാശ്മീരിലെ ഭീകരവാദ സംഘടനകള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷത്തിലേക്ക് മാറുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ, അല്‍ ഖ്വായ്ദ കശ്മീര്‍, ഇസ്ലാമിക് സ്‌റ്റേറ്റ് തുടങ്ങിയവയാണ് കാശ്മീരില്‍ സജീവമായ ഭീകരവാദ സംഘടനകള്‍. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ പരോക്ഷമായ പിന്തുണയോടെയാണ് കാശ്മീരിലെ ഭീകരവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഭീകരര്‍ ഒളിച്ചിരിക്കുന്നതിനേപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങള്‍ സുരക്ഷാസേനയ്ക്ക് ചോര്‍ന്നുകിട്ടുന്നതിന് പിന്നില്‍ ഭീകരവാദ ഗ്രൂപ്പുകള്‍ തമ്മിലുള്ള മേല്‍കോയ്മ തര്‍ക്കമാണെന്നാണ് വിവരങ്ങള്‍. കാശ്മീരിലെ പ്രധാന സ്വാധീന ശക്തിയായി മാറാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പരസ്പരം ഒറ്റിക്കൊടുക്കാന്‍ ഭീകരസംഘടനകള്‍ തുടങ്ങിയെന്നാണ് വിവരം. ദേശീയ മാധ്യമമായ പയനിയര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് ഹിസ്ബുള്‍ മുജാഹിദീന്‍ ആണെന്നാണ് രഹസ്യാന്വേഷണ വിവരങ്ങള്‍. മറ്റ് ഭീകരഗ്രൂപ്പുകളെപ്പറ്റിയുള്ള വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ചോര്‍ത്തി കൊടുക്കുന്നതിന് പുറമെ വിഘടനവാദികള്‍ക്കും ഐ.എസ്‌.ഐയ്ക്കും ഇടയിലെ പാലമായി നില്‍ക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഹിസ്ബുള്‍ ഇപ്പോള്‍ പയറ്റുന്നത്. ഭീകര സംഘടനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഭാവിയില്‍ കൂടിയേക്കാമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഭാവിയില്‍ ഇന്ത്യാ ഗവണ്‍മെന്റ് ചര്‍ച്ചകള്‍ തുടങ്ങിയാല്‍ അതില്‍ നിര്‍ണായക സ്വാധീനമുള്ള കക്ഷിയായി ചേരാന്‍ ശക്തി പ്രാപിക്കുക എന്നതും ഹിസ്ബുള്‍ മുജാഹിദീന്‍ ലക്ഷ്യമിടുന്നു. പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന തിരഞ്ഞുപിടിച്ച് വധിക്കുകയാണ്. ഇത് അവരെ സംബന്ധിച്ച് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ വിടവില്‍ കൂടി കരുത്ത് കൂട്ടാനാണ് ഹിസ്ബുള്‍ ശ്രമിക്കുന്നത്. അല്‍ ഖ്വയ്ദയും ഐഎസും ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അപകടം മണത്താണ് ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ ഹിസ്ബുള്‍ ശ്രമിക്കുന്നത്.

0Shares