കാസര്‍കോട്: ചെമ്മനാട്ടു നിന്നും ദുബൈയിലേക്കെന്ന് പറഞ്ഞ് പോയ രണ്ട് കുടുംബത്തിലെ 11 പേരെ കാണാതായതായി പരാതി. പരാതിയിന്മേല്‍ അന്വഷണം നടത്തും മുമ്പേ നവമാധ്യമങ്ങള്‍ കുടുംബത്തെ ദാ ഇഷിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് പോലീസ് 11 പേരെ കാണാതായതായി സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ ചില ഓണ്‍ലൈൻ അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ കണ്ട് നാട്ടുകാര്‍ പോലും അത്ഭുതപ്പെട്ടു. സംഭവമറിഞ്ഞതിന് ശേഷം ചില സുഹൃത്തുക്കള്‍ നാടുവിട്ടവരുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണവും പിന്നാലെ ഇപ്പോള്‍ പുറത്തവന്നിരിക്കുകയാണ്. കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന മാധ്യമങ്ങള്‍ പെരുപ്പിച്ച് കാട്ടിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നാട്ടുകാരും കുടുംബവും ആശങ്കയിലായിരുന്നു. എന്നാല്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ നാടുവിട്ട കുടുംബം ലബനില്‍ ഉള്ളതായാണ് ഇപ്പോള്‍ വിവരം ലഭിച്ചിരിക്കുന്നത്.
ചെമ്മനാട് മുണ്ടാംങ്കുലത്തെ കുന്നില്‍ ഹൗസില്‍ അബ്ദുല്‍ ഹമീദ് നല്‍കിയ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിപ്രകാരം ഹമീദിൻ്റെ മകളും മരുമകനും അടക്കം 11 പേര്‍ നാട് വിട്ടു എന്നാണ് പറയുന്നത്. ഇത് പ്രകാരം 2018 ജൂണ്‍ 15 നാണ് ഇവരെ കാണാതായത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോണ്‍ സംഭാഷണത്തില്‍ കണാതായ കുടുംബം ലബനില്‍ ഉള്ളതായാണ് വിവരം. മതപഠനം നടത്തുന്നതായി ലബനില്‍ എത്തി എന്നാണ് സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. പരാതിയുടെയും സംഭാഷണത്തിൻ്റെയും ചുവടുപിടിച്ച് പോലീസും അന്വഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ഇപ്പോള്‍.
ഒരു വര്‍ഷം മുമ്പ് കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്നും നിരവധിപേരെ കാണാതാവുകയും ഇവരില്‍ ചിലര്‍ പിന്നീട് ഐ.എസ്സില്‍ ചേര്‍ന്നതായും സ്ഥിതീകരിച്ചിരുന്നു. ഇവരില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ഇതിനു പിന്നാലെ ഇപ്പോള്‍ കാസര്‍കോട്ടെ മറ്റൊരു കുടുംബം നാടുവിട്ടു എന്ന വാര്‍ത്ത നാട്ടുകാരെ ഒന്നടങ്കം ആശങ്കയിലാക്കിയിരിക്കുകയാണ്. പോലീസ് അന്വഷണം വ്യാപിപ്പിക്കുന്നതോടെ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഐ.എസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി എന്‍.ഐ.എ അടക്കമുള്ള ഏജന്‍സിയും ഈ പരാതിയില്‍ അന്വേഷണം നടത്തുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന മാധ്യമങ്ങള്‍; പ്രാഥമിക അന്വേഷണം നടക്കുന്നതിന് മുമ്പേ കാസര്‍കോട്ടെ മറ്റൊരു കുടുംബത്തെയും ദാ ഇഷിലെത്തിച്ചു