കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു; അപകടം സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തോടനുബന്ധിച്ചു വീട്ടില്‍ പോയി മടങ്ങുന്നതിനിടേ

  • Post category:news
  • Reading time:1 min read
You are currently viewing കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു; അപകടം സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തോടനുബന്ധിച്ചു വീട്ടില്‍ പോയി മടങ്ങുന്നതിനിടേ

ചെങ്ങന്നൂര്‍: കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. കുറ്റൂര്‍ താഴ്ചയില്‍ ജേക്കബ് കുര്യന്റെ മകന്‍ വിനു കുര്യന്‍ ജേക്കബ് (25) ആണ് മരിച്ചത്. എന്‍ജിനീയറിങ് പഠനത്തിനുശേഷം തിരുവനന്തപുരത്ത് ക്വാളിറ്റി കണ്‍ട്രോള്‍ പഠനം നടത്തിവരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചേ 12.30-ഓടെ പുത്തന്‍വീട്ടിപ്പടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു അപകടം. സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തോടനുബന്ധിച്ചു വീട്ടില്‍ പോയി ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്നു വിനു. എതിര്‍ദിശയില്‍ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച സ്‌കൂട്ടര്‍ ഒടിഞ്ഞുമടങ്ങി. അരമണിക്കൂറിന് ശേഷം പട്രോളിങ് നടത്തിവരുന്ന പോലീസ് എത്തി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രിയങ്കരനായ യുവാവിനെ സ്‌കൂട്ടര്‍ അപകടം മരണം തട്ടിയെടുത്തുവെന്നത് നാട്ടുകാര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനാകുന്നില്ല. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ 3,888 കിലോമീറ്റര്‍ കാറോടിച്ച് ലിംക ബുക്‌സ് ഓഫ് നാഷണല്‍ റെക്കോഡ്‌സില്‍ സ്ഥാനംനേടിയിട്ടുണ്ട്. സഹോദരന്‍ ജോ ജേക്കബ്, ബന്ധുവായ ജോസിന്‍ ബേബി എന്നിവര്‍ക്കൊപ്പമായിരുന്നു റെക്കോഡ് പ്രകടനം. 13 സംസ്ഥാനങ്ങള്‍ പിന്നിട്ട കാര്‍ റാലി രണ്ടുദിവസവും അഞ്ചു മണിക്കൂറും കൊണ്ട് കന്യാകുമാരിയില്‍ എത്തി.
പിതാവ് ജേക്കബ് കുര്യന്‍ കുറ്റൂരില്‍ വ്യാപാരിയാണ്. അമ്മ: മറിയാമ്മ (കുറ്റൂര്‍ പാണ്ടിശ്ശേരി എല്‍.പി.എസ്. അധ്യാപിക). സഹോദരങ്ങള്‍ ജോ ജേക്കബ്ബ് (ഏറ്റുമാനൂര്‍ കണ്‍സ്ട്രക്ഷന്‍ കമ്ബനി ജീവനക്കാരന്‍), ക്രിസ് ജേക്കബ്ബ് (തിരുവല്ല മാര്‍ത്തോമ്മാ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി).

0Shares