തൃശൂര്‍: കാര്‍ഷിക ആദായം വര്‍ദ്ധിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയുടെ പുരേഗതിയ്ക്കും ഉത്പന്നങ്ങള്‍ മൂല്യം വര്‍ദ്ധിപ്പിച്ച് വിപണിയിലെത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി.സദാശിവം പ്രസ്താവിച്ചു. കാര്‍ഷിക മേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുത്ത് അഭിവൃദ്ധിവിലേയ്ക്ക് നയിക്കുന്നതിന് മൂല്യവര്‍ദ്ധനവിലൂടെ മാത്രമേ സാധ്യമാകുകയുളളൂ. കാര്‍ഷികോത്പന്ന സംസ്‌കരണം മൂല്യവര്‍ദ്ധനവ് അടിസ്ഥാനമാക്കി കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പ്രദര്‍ശനവും ശില്പശാലയുമായ വൈഗ 2017 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ 27 മുതല്‍ 31 വരെ കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനമായ വെളളാനിക്കരയിലാണ് പ്രദര്‍ശനവും ശില്പശാലയും സംഘടിപ്പിച്ചിട്ടുളളത്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്കില്‍ കാര്‍ഷിക മേഖലയുടെ സംഭാവന വളരെ ഗണ്യമാണ്. എന്നാല്‍ സമീപകാലത്തെ വളര്‍ച്ചാനിരക്ക് അത്രയ്ക്കും ആശാവഹമല്ല. ഗാര്‍ഹിക അടിസ്ഥാനത്തിലും ഗ്രൂപ്പടിസ്ഥാനത്തിലും ഉണ്ടായിട്ടുളള മുന്നേറ്റം വളര്‍ച്ചയില്‍ പ്രതിഫലിക്കണമെങ്കില്‍ കാര്‍ഷികവ്യവസായങ്ങള്‍ ശക്തിപ്രാപിക്കണം. കാര്‍ഷിക വരുമാനം നികുതിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തേണ്ടത് തന്നെയാണ്. പഴം, പച്ചക്കറി, ഉത്പാദന കാര്യത്തില്‍ രാജ്യത്തിന് രണ്ടാം സ്ഥാനമാണുളളതെങ്കിലും 15 മുതല്‍ 30 ശതമാനം വരെ വിവിധ കാരണങ്ങളാല്‍ പാഴായിപോകുന്ന അവസ്ഥയാണ്. സംസ്‌കരണത്തിനും ശീതീകരണത്തിനുമുളള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. സമൂഹത്തില്‍ എത് മേഖലയിലുള്ളവര്‍ക്കും തെരെഞ്ഞെടുക്കാവുന്ന തൊഴില്‍ കൃഷി മാത്രമേ ഉള്ളൂ എന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ പരമോന്നതപദവിയിലിരുന്നിട്ടും കൃഷിയോടുള്ള സ്‌നേഹം കൊണ്ടാണ് ഞാന്‍ സ്വന്തം ഗ്രാമത്തിലേയ്ക്ക് താമസം മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ ഉദ്ഘാടന സമ്മേളനത്തിന് സാക്ഷ്യം വഹിച്ചു. കൃഷി വകുപ്പ്, കാര്‍ഷിക സര്‍വ്വകാലശാല, സാങ്കേതിക വിദ്യാസ്ഥാപനങ്ങള്‍ എന്നിവയുടേതടക്കം മുന്നൂറില്‍ പരം സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയില്‍ സജ്ജമാക്കിയിട്ടുണ്ട്. തേന്‍, വാഴപ്പഴം, നാളികേരം, ചെറുധാന്യങ്ങള്‍ എന്നിവയാണ് ശില്പശാലയുടെ മുഖ്യ വിഷയങ്ങള്‍. അടുത്ത മൂന്ന് ദിവസങ്ങളിലായി പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകള്‍ നാല് വേദികളിലായി സംഘടിപ്പിക്കുന്നുണ്ട്. കൃഷി വകുപ്പുമന്ത്രി അഡ്വ. വി. എസ്. സുനില്‍ കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും അവരുടെ ഉല്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില നേടിക്കൊടുക്കുവാന്‍ ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരും കൃഷി വകുപ്പും ചേര്‍ന്ന് നടത്തുന്നതെന്നും സംസ്ഥാനത്തെ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി ലഭ്യമാക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി സൂചിപ്പിച്ചു.
ഒല്ലൂക്കര എം.എല്‍.എ. കെ. രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കാര്‍ഷികോത്പാദന കമ്മിഷണര്‍ ടിക്കാറാം മീണാ ഐ.എ.എസ്. ചടങ്ങിന് സ്വാഗതവും കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യം വര്‍ദ്ധിപ്പിച്ച് വിപണിയിലെത്തിക്കണമെന്ന് ഗവര്‍ണര്‍; കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പ്രദര്‍ശനവും ശില്പശാലയും വെള്ളാനിക്കരയില്‍ തുടങ്ങി