
കാസർകോട്: കായികതാരങ്ങള്‍ക്കും പ്രതിഭകള്‍ക്കും മികച്ച പിന്തുണ നല്‍കുന്നതോടൊപ്പം എല്ലാ കായികമേഖലകളെയും സമഗ്രമായി വികസിപ്പിക്കാനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഇ. പി ജയരാജന്‍ പറഞ്ഞു. ദേശീയ അന്തര്‍ദേശീയ കായിക മത്സരങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്ക് ജോലി ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 513 പേര്‍ക്ക് ജോലി നല്‍കിയെന്നും 105 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയെന്നും മന്ത്രി പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ കീഴിലുള്ള കാസര്‍കോട് സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 44 മള്‍ട്ടി പര്‍പ്പസ് ജിംനേഷ്യങ്ങളും 33 സ്വിമ്മിങ് പൂളുകളും പകുതിയലധികവും പൂര്‍ത്തീകരിക്കുകയും ബാക്കിയുള്ളവ നിര്‍മാണം പുരോഗമിക്കുന്നു. 14 ജില്ലകളിലും സിന്തറ്റിക് ട്രാക്കോട് കൂടിയുള്ള ജില്ലാ സ്‌റ്റേഡിയങ്ങളും നിര്‍മിക്കുന്നുണ്ട്. ഏതെങ്കിലും ഒരു മേഖലയിലൊതുങ്ങാതെ എല്ലാ കായിക വിനോദങ്ങളെയും പ്രോത്സാഹിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് ആയിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നടപ്പാക്കിയത്. പഠനത്തോടൊപ്പം കായിക വികസനത്തിനായി സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് താമസിച്ചു പഠിക്കുന്നത്. ഇതു കൂടാതെ സംസ്ഥാനത്ത് ആറായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ദിനംപ്രതി ചെലവിനായി 200 രൂപ വീതം നല്‍കുന്നുണ്ട്. ഇത് ഇനിയും വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്.
ബീച്ച് ഗെയിംസിന് കേരളത്തില്‍ വലിയ സാധ്യതയാണുള്ളത്. ഇത് തിരിച്ചറിഞ്ഞ് ജില്ലകള്‍തോറും വന്‍ജന പിന്തുണയോടെ മത്സരങ്ങള്‍ നടത്തിവരുന്നു. ഫൈനല്‍ മത്സരങ്ങള്‍ വിവിധ ജില്ലകളിലായാണ് നടത്തുക. കബഡി മത്സരം ആലപ്പുഴയിലും വടംവലി കോഴിക്കോടും ഫുട്‌ബോള്‍ തിരുവനന്തപുരത്തും നടത്തും. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വിജയകരമായി സംഘടിപ്പിച്ച മാരത്തോണ്‍ ഇപ്രാവശ്യം കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലയില്‍ നടത്തും.
അടുത്ത വര്‍ഷം മുതല്‍ എല്ലാ ജില്ലകളിലും മാരത്തോണ്‍ സംഘടിപ്പിക്കും. കായിക മേഖലയ്ക്ക് വളരെയേറെ സംഭാവന നല്‍കിയ കാസര്‍കോട് ജില്ലയെ പ്രധാന കായിക കേന്ദ്രമായി മാറ്റുന്നതിന് എല്ലാ വിധ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
