കോട്ടയം: കാമുകന്‍ പെട്രോളൊഴിച്ച് കൊന്ന വിദ്യാര്‍ത്ഥിനിക്ക് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്. കോട്ടയം ഗാന്ധി നഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ ഏജ്യുക്കേഷനിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ലക്ഷ്മിക്കാണ് കഴിഞ്ഞ വര്‍ഷത്തെ പരീക്ഷാഫലം പുറത്ത് വന്നപ്പോള്‍ ഒന്നാം റാങ്ക് ലഭിച്ചത്. പഠനത്തില്‍ മിടുക്കിയായിരുന്ന ലക്ഷ്മി എസ്.എം.ഇ കോളേജിലെ ഫിസിയോ തെറാപ്പി ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. രണ്ടാം വര്‍ഷ പരീക്ഷയില്‍ ലക്ഷ്മിയ്ക്ക് രണ്ടാം റാങ്ക് ആയിരുന്നു. മൂന്നാം വര്‍ഷം റിസല്‍ട്ട് വന്നപ്പോള്‍ എല്ലാ വിഷയങ്ങളിലും ഉയര്‍ന്ന മാര്‍ക്ക് ഉണ്ട്.

ഔദ്യോഗിക മാര്‍ക്ക് ലിസ്റ്റ് കോളേജിന് കൈമാറിയിട്ടില്ല. ഫെബ്രുവരിയിലാണ് ലക്ഷ്മിയെ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന ആലപ്പുഴ സ്വദേശി ആദര്‍ശ് ക്ലാസ്‌റൂമില്‍ വെച്ച് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. പൊള്ളലേറ്റ ആദര്‍ശും മരിച്ചിരുന്നു. ലക്ഷ്മിയുടെ ശരീരത്തില്‍ 90 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ മരണ മൊഴിയില്‍ കൊലക്ക് പിന്നില്‍ ആദര്‍ശ് ആണെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. ആദര്‍ശിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നുള്ള പ്രതികാരമാണ് ലക്ഷ്മിയുടെ കൊലയില്‍ കലാശിച്ചത്.