കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൻ്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്കാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറക്കിയത്. അമ്പരപ്പിക്കുന്ന ഗംഭീര പശ്ചാത്തല സംഗീതമാണ് ടീസറിന് ഒരുക്കിയിരിക്കുന്നത്. ദീപക് ദേവാണ് ടൈറ്റില്‍ മ്യൂസിക് ഒരുക്കിയിരിക്കുന്നത്. ആനന്ദ് രാജേന്ദ്രനാണ് ടൈറ്റില്‍ ഫോണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലും മുരളി ഗോപിയും തങ്ങളുടെ ഒദ്യോഗിക സോഷ്യല്‍മീഡിയ പേജിലൂടെയാണ് ടൈറ്റില്‍ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍കാത്തിരിക്കുന്നത്. മുരളിഗോപിയുടെ തിരക്കഥ എന്നതും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. കഴിഞ്ഞ ദിവസം ലൂസിഫര്‍ വരുന്നുണ്ട്, കാത്തിരിക്കൂ എന്ന് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലൂടെ പതിവുപോലെ അറിയിച്ചിരുന്നു. അത് വെറുതെയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
https://www.youtube.com/watch?v=pFRl_bE6IlY
പേരു പോലെ തന്നെ ഏറെ ദുരൂഹതകള്‍ ഉള്ളിലൊളിപ്പിച്ച ഫോന്റിൻ്റെ രൂപകല്‍പ്പന ആനന്ദ് രാജേന്ദ്രന്റേതാണ്. ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. തിരക്കഥ വായിച്ച ശേഷം ‘ലൂസിഫര്‍ വളരെ നല്ല സിനിമയായിരിക്കുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതിന്റെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. വലിയ മഹത്തായ സിനിമയൊന്നുമല്ല, സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റര്‍ടെയ്നര്‍. എന്റര്‍ടെയ്നര്‍ ഉണ്ടാക്കാന്‍ അത്ര എളുപ്പമൊന്നുമല്ല, എല്ലാ രീതയിലും മികച്ച സിനിമയായിരിക്കും ലൂസിഫര്‍.’ എന്ന് മോഹന്‍ലാല്‍ പറയുന്നു.