കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ആറുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു തൊഴിലാളികള്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായണ് സൂചന. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സമാജ്‌വാദി പാര്‍ട്ടി നേതാവ് മെഹ്താബ് അസ്ലമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ അധികവും ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളികളാണ്.

നായ്ക്കളേയും പ്രത്യേകതരം ക്യാമറകളും ഉപയോഗിച്ച് നടത്തുന്ന രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിട നിര്‍മ്മാണത്തിലെ അപാകതകള്‍ രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായെന്നും, കുടുങ്ങിയവരെ പുറത്തെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. രക്ഷപ്പെടുത്തിയ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തന് എത്തിയിട്ടുണ്ട്.