കാട്ടിനുള്ളില്‍ പേരൊന്ന്‌ വിളിച്ചാല്‍ മസ്‌തകവും കുലുക്കി അവന്‍ ഓടി വരാന്‍ ഇനി അവനില്ല; വയനാട് യാത്രികരുടെ ജനപ്രിയനായ കാട്ടാന മണിയൻ ചരിഞ്ഞു

  • Post category:news
  • Reading time:2 mins read
You are currently viewing കാട്ടിനുള്ളില്‍ പേരൊന്ന്‌ വിളിച്ചാല്‍ മസ്‌തകവും കുലുക്കി അവന്‍ ഓടി വരാന്‍ ഇനി അവനില്ല; വയനാട് യാത്രികരുടെ ജനപ്രിയനായ കാട്ടാന മണിയൻ ചരിഞ്ഞു

കാട്ടാനകളെ ഭീതിയോടെ മാത്രം കാണാൻ ശീലിച്ച നമുക്ക് മണിയൻ വ്യത്യമായൊരു അനുഭവമായിരുന്നു. ജനങ്ങൾക്ക് യാതൊരു ഉപദ്രവും നൽകാതെ വയനാട് ജനതയുടെ യാത്രികരുടെ സ്നേഹം നേടി കേരള ജനതയുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുകയായിരുന്നു മണിയൻ. ബത്തേരി പുൽപ്പള്ളി റോഡിൽ ഇരുളം പ്രദേശത്തെ വനാതിർത്തികളിലെ പതിവ് സാന്നിധ്യമായ മണിയൻ ഇനിയില്ല. ചെതലയം വെള്ളച്ചാട്ടത്തിനു സമീപത്തു വെച്ച് മറ്റ് കാട്ടാനകളുടെ ആക്രമണത്തിലാണ് മണിയൻ ചരി‍ഞ്ഞത്. വയറിൽ കൊമ്പ് ആഴ്ന്നിറങ്ങി കുടൽ പുറത്തു വന്ന നിലയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മണിയന്‍റെ വിയോഗത്തിൽ ദുഖിതരാണ് വയനാട് ജനത.

പൊതുവേ കാട്ടാനയെന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ ആരിലും ഒരു ഭീതിയുണ്ടാകും. പ്രത്യേകിച്ച്‌ ഒറ്റയാനെന്നറിയുമ്പോള്‍. മനുഷ്യന്‍റെ ചൂരടിച്ചാല്‍ ദേഷ്യത്താല്‍ തുമ്പികൈ ഉയര്‍ത്തി ചിന്നം വിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാട്ടാനകളിൽ നിന്നും വ്യത്യസ്തനായിരുന്നു മണിയൻ. കാട്ടില്‍ നിന്നും ഒരു നാള്‍ നാട്ടിലെത്തുകയും പിന്നീട്‌ നാട്ടുകാരെ സ്നേഹം കൊണ്ടും നിരുപദ്രവം കൊണ്ട് വിസ്മയിപ്പിക്കുകയും ചെയ്തതോടെ അവർ അവനിട്ട പേരാണ് മണിയനെന്ന്. ആര്‍ക്കും ഇവന്‍റെ അടുത്ത്‌ ചെല്ലാമായിരുന്നു. യാതോരു ഉപദ്രവവും മണിയനെ കൊണ്ടില്ല. കുട്ടികൾക്ക് വരെ അവന്‍റെ അടുത്തെത്തി സംസാരിക്കാനും തൊടാനുമെല്ലാം കഴിയുമായിരുന്നു. മണിയന്‍ കാട്ടിനുള്ളിലാണെങ്കില്‍ പേരൊന്ന്‌ വിളിച്ചാല്‍ മതി മസ്‌തകവും കുലുക്കി അവന്‍ ഓടി വരും. നാട്ടുകാര്‍ നല്‌കുന്ന സുഭിക്ഷമായ ഭക്ഷണം കഴിച്ച്‌ രാത്രിയോടെ കാട്ടിലേക്ക്‌ മടങ്ങും. നേരം പുലരുമ്പോള്‍ വീണ്ടും നാട്ടിലെത്തും.

അവനെപ്പറ്റി ആര്‍ക്കും ഒരു പരാതിയുമില്ലയിരുന്നു. ആകെയുള്ള പരാതി കടകളില്‍ നിന്ന് ഉപ്പെടുത്ത് തിന്നുമെന്നത് മാത്രമാണ്. അതും കവലയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ ശേഷം മാത്രം. വാഹനങ്ങള്‍ എത്തിയാല്‍ റോഡില്‍ നിന്ന് മാറി നിന്ന് കൊടുക്കും. മണിയന്‍റെ വിയോഗം അവനെ അറിയാവുന്ന ഓരോരുത്തരെയും സങ്കടത്തിലാക്കിയിരിക്കുകയാണ്. പുല്‍പ്പള്ളി ഇരുളം പാതയില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്കെല്ലാം അവന്‍ പരിചിതനാണ്. എന്നും റോഡരികിൽ കാണാറുള്ള മണിയൻ സമീപകാലത്തായ റോഡരികിലൊന്നും കാണാനില്ലായിരുന്നു. പിന്നീടൊരു ദിവസം പെട്ടന്ന് ഇരുളത്തെ കൊല്ലിയില്‍ അവനെക്കണ്ടു. കണ്ണ് നിറഞ്ഞ് വാലില്‍ മുറിവേറ്റ നിലയിലായിരുന്നു മണിയനെ അന്ന് കണ്ടത്.

മയക്കു വെടിവെച്ച് പിടികൂടി ചികിത്സിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഇരുളത്തെ കൊല്ലിയില്‍ വെച്ച് ഡോ.അരുണ്‍ സക്കറിയ അവനെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സിച്ചു. അത് രണ്ടാമത്തെ തവണയായിരുന്നു മണിയനെ മയക്കുവെടിവെച്ച് പിടികൂടിയത്. നേരത്തേ കോളര്‍ ഐഡി ഘടിപ്പിക്കാന്‍ മണിയനെ മയക്കുവെടിവെച്ച് പിടികൂടിയിരുന്നു. ഇപ്പോള്‍ കഴുത്തില്‍ കോളര്‍ ഐഡിയുമായാണ് മണിയന്‍റെ നടപ്പ്. അവന്‍ എവിടെയുണ്ടെന്നും എവിടെയൊക്കെ പോകുന്നുവെന്നും വനംവകുപ്പ് ഓഫീസില്‍ ഇരുന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകും.

0Shares