കാഞ്ഞങ്ങാട് പ്രസ്ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കെ.പി.സഫീനയ്ക്കും വേണുകള്ളാറിനും പുരസ്‌കാരം

  • Post category:news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് പ്രസ്ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കെ.പി.സഫീനയ്ക്കും വേണുകള്ളാറിനും പുരസ്‌കാരം

കാസര്‍കോട്: കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ അച്ചടി-ദൃശ്യമാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എം.വി.ദാമോദരന്‍സ്മാരക പുരസ്‌കാരത്തിന് മലയാളമനോരമ കണ്ണൂര്‍ യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.പി.സഫീനയെ തിരഞ്ഞെടുത്തു. മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിങിനുള്ള തോട്ടേന്‍ കോമന്‍മണിയാണി അവാര്‍ഡിനായി തിരഞ്ഞെടുത്തത് മാധ്യമം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വേണു കള്ളാറിനെയാണ്. കാസര്‍കോട് വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ കം ക്യാമറാമാന്‍ ആയി പ്രവര്‍ത്തിക്കുന്ന ചന്ദ്രുവെള്ളരിക്കുണ്ടിനെ സുരേന്ദ്രന്‍ നീലേശ്വരം സ്മാരക പുരസ്‌കാരത്തിനും കാഞ്ഞങ്ങാട് നിന്നു പ്രസിദ്ധീകരിക്കുന്ന മലബാര്‍വാര്‍ത്ത പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ബാബുകോട്ടപ്പാറയെ മികച്ചസായാഹ്ന പത്ര ലേഖകനുള്ള പുരസ്‌കാരത്തിനും തിരഞ്ഞെടുത്തു. പ്രശസ്തി പത്രവും 5,001 രൂപ ക്യാഷ് പ്രൈസും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. ജനുവരി 26-ന് നടക്കുന്ന പ്രസ്ഫോറം മെമ്പര്‍മാരുടെ കുടുംബ സംഗമത്തില്‍ പുരസ്‌കാരം സമ്മാനിക്കും. പ്രസിഡന്റ് ഇ.വി.ജയകൃഷ്ണന്‍,സെക്രട്ടറി ടി.കെ.നാരായണന്‍,ട്രഷറര്‍ മാധവന്‍പാക്കം എന്നീവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. മികവാര്‍ന്ന രീതിയില്‍ ജനശ്രദ്ധയിലെത്തിച്ച ഒന്നിലേറെ റിപ്പോര്‍ട്ടുകളും സ്റ്റോറികളുമാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി പരിഗണിച്ചത്.
കെ.പി.സഫീന മലപ്പുറം പൊന്നാനി സ്വദേശിയാണ്. പൊന്നാനിയിലെ കുറ്റിക്കാട്ടില്‍ ബാവയുടേയും ഫാത്തിമയുടേയും മകളാണ്. മാധ്യമം കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ വൈ. ബഷീറിന്റെ ഭാര്യയാണ്. മക്കള്‍. നോറ സോഫിയ, സാറ സോഫിയ.

വേണുകള്ളാര്‍ കൊറഗ സമുദായക്കാരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള എച്ചില്‍ ജീവിതം എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. മാധ്യമത്തിന്റെ കണ്ണൂര്‍, കാസര്‍കോട് ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോര്‍ട്ടറാണ്. കള്ളാര്‍ സ്വദേശിയാണ്. കള്ളാറിലെ പരേതനായ മുല്ലച്ചേരി കൃഷ്ണന്‍നായരുടേയും തുളുച്ചേരി മാണിയമ്മയുടേയും മകനാണ്. ഷീജയാണ് ഭാര്യ.എന്‍ജിനിയറിങ് വിദ്യാര്‍ഥിനി വിഷ്ണുദത്ത മകളാണ്.
ചന്ദ്രു വെള്ളരിക്കുണ്ട് മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം ഡോക്യുമെന്ററി, ഹ്രസ്വചിത്ര സംവിധായകനായും പ്രവര്‍ത്തിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതം പശ്ചാത്തലമാക്കി സംവിധാനം ചെയ്ത അരികു ജീവിതങ്ങള്‍ എന്ന ചിത്രത്തിന് റോട്ടറി ഇന്റര്‍നാഷണലിന്റെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു
വെള്ളരിക്കുണ്ട് ഏ.കെ.ജി നഗറിലെ മുട്ടില്‍ കുഞ്ഞമ്പു-കല്യാണി ദമ്പതികളുടെ മകനാണ്.പാലക്കാട് പുതുശ്ശേരി സ്വദേശിനി സുഗിതയാണ് ഭാര്യ. ബാബുകോട്ടപ്പാറ പരേതനായ എം.വി.നാരായണന്റേയും വി.വി.തമ്പായിയുടേയും മകനാണ്. മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം ബിജിബാബുവാണ് ഭാര്യ. മകന്‍:വിഷ്ണു (ബിരുദവിദ്യാര്‍ഥി).

0Shares