കാസർകോട്: കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരിട്ടി പടിയൂരിലെ സജീവന്‍(45) ആണ് മരിച്ചത്. പടിയൂരിലെ വിജേഷ്(44), വനജ(40), റീന(42), സാരംഗ്(12) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, മംഗളൂരു ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയ പാതയില്‍ കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനടുത്താണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിൽ പൂർണമായും തകർന്ന കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാൻ ഏറെ പണിപ്പെട്ടു. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രണ്ട് പേരെ പുറത്തെടുത്തത്. കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്കു പോകുകയായിരുന്ന കെ എല്‍ 13 എസ് 7755 നമ്പര്‍ ആള്‍ട്ടോ കാറും നീലേശ്വരം ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്ത് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

പിഞ്ചുകുഞ്ഞു ഉള്‍പ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍ സീറ്റിലായിരുന്ന കുഞ്ഞിനേയും മൂന്ന് സ്ത്രീകളേയും ആദ്യം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മുൻ സീറ്റിൽ ഉണ്ടായിരുന്നവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് ആശുപത്രിയിലേക്കു മാറ്റിയത്.